Asianet News MalayalamAsianet News Malayalam

ബംഗാൾ സംഘർഷം ഏഷ്യാനെറ്റ് ന്യൂസ് അവഗണിച്ചോ? ഏഷ്യാനെറ്റ് ന്യൂസിൻ്റെ എഡിറ്റർ പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ ഭാരതീയ ജനതാ പാർട്ടി ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഏഷ്യാനെറ്റ് ന്യൂസിൻ്റെ നിലപാട് വ്യക്തമാക്കുകയാണ് എഡിറ്റർ എം.ജി.രാധാകൃഷ്ണൻ.

asianet news editor MG Radhakrishnan responding to BJP boycott
Author
Thiruvananthapuram, First Published May 19, 2021, 12:13 PM IST

ബിജെപി കേരളഘടകം വീണ്ടും ഏഷ്യനെറ്റ് ന്യൂസിനെതിരെ ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുകയാണ്.  കഴിഞ്ഞ വർഷം ഏതാണ്ട് ഇതേ സമയത്ത് സിപിഎം ആണ് ഈ ചാനലിനെതിരെ ബഹിഷ്കരണം പ്രഖ്യാപിച്ചത് എന്ന് ഓർക്കാം. ബഹിഷ്ക്കരണത്തിന് ബിജെപി രണ്ട് കാരണങ്ങൾ പറയുന്നു. ഒന്ന്, പശ്ചിമ ബംഗാളിൽ ഫലപ്രഖ്യാപന ദിവസം നടന്ന അക്രമ സംഭവങ്ങൾ ഒട്ടും തന്നെ ചാനലിൽ ഉൾപ്പെടുത്തിയില്ല. രണ്ട്, ഈ വിഷയം അന്വേഷിച്ചുകൊണ്ട് ഞങ്ങളുടെ ഓഫീസിലേക്ക് വിളിച്ച ഒരാളോട് ഒരു റിപ്പോർട്ടർ   മോശമായി പ്രതികരിച്ചു. 

ആദ്യം രണ്ടാമത്തെ വിഷയത്തെപ്പറ്റി പറയാം. തീർച്ചയായും റിപ്പോർട്ടറുടെ ആ പ്രതികരണം അപക്വമായിരുന്നു. അതിന് ആ റിപ്പോർട്ടർ ഖേദം പ്രകടിപ്പിച്ചു.  മാത്രമല്ല ചാനലിന്റെ എഡിറ്ററും ഖേദം പ്രകടിപ്പിചിട്ടുണ്ട്. പുറമേ ചാനലിന്റ മാനേജ്മെന്റിന്റെ തലപ്പത്ത് ഉളളവരും അത് ചെയ്തിട്ടുണ്ട്. റിപ്പോർട്ടർക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചതും പരസ്യമായി അറിയിച്ചിട്ടുണ്ട്. പക്ഷേ ഇതൊക്കെ കഴിഞ്ഞിട്ടും ബിജെപി ബഹിഷ്ക്കരണം പ്രഖ്യാപിക്കുകയായിരുന്നു. മാത്രമല്ല അന്ന് മുതൽ ഇന്നുവരെയും ഞങ്ങളുടെ ആ വനിതാ റിപ്പോർട്ടറുടെ നേരെ ഫോണിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അസഭ്യവർഷവും വധ- ബലാൽസംഗ ഭീഷണികളും തുടരുന്നു. ഇനി ബംഗാൾ അക്രമം ചാനൽ വിശദമായി റിപ്പോർട്ട് ചെയ്തില്ലെന്ന തികച്ചും അടിസ്ഥാനരഹിതമായ ആരോപണത്തെക്കുറിച്ചാണ്. അതേക്കുറിച്ച് വളരെ വിശദമായി പറയേണ്ടതുണ്ട്...  

കേരളം, പശ്ചിമബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നീ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പാണ് മാ‍ർച്ച് 27 മുതൽ ഏപ്രിൽ 29 വരെ ഒരു മാസം കൊണ്ട് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ  നടത്തിയത്. ബംഗാളിൽ എട്ട് ഘട്ടമായും അസമിൽ മൂന്ന് ഘട്ടമായും മറ്റു സംസ്ഥാനങ്ങളിൽ ഒരൊറ്റ ഘട്ടമായി ഏപ്രിൽ ആറിനും വോട്ടെടുപ്പ് നടന്നു. അഞ്ച് സംസ്ഥാനങ്ങളിലേയും ഫലപ്രഖ്യാപനം മെയ് രണ്ടിന് ഒരുമിച്ചാണ് ഉണ്ടായത്.

ഇപ്പോൾ ഈ കണക്കും തീയതികളും ഇവിടെ വീണ്ടും ഓർമ്മിപ്പിക്കുന്നത് ഈ അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പുകളെ ഏഷ്യാനെറ്റ് ന്യൂസ് എങ്ങനെ സമീപിച്ചു എന്ന് പരിശോധിക്കുന്നതിന് മുന്നോടിയായിട്ടാണ്. അതിൽ ഏറ്റവും പ്രധാനം പശ്ചിമബംഗാളിലേതാണ്. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലും ഇതുവരെയില്ലാത്ത വിധം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇക്കുറി എന്നതിനാലും മുഴുവൻ മലയാളം മാധ്യമങ്ങളും പൊതുജനവും കൂടുതൽ ശ്രദ്ധിച്ചതും ചർച്ചയായതും കേരളത്തിലെ 140 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ്.

എന്നാൽ ദേശീയ തലത്തിലേക്ക് വന്നാൽ സ്ഥിതി വ്യത്യാസ്ഥമായിരുന്നു. പശ്ചിമബംഗാളിലെ ഫലം എന്തായിരിക്കും എന്നതായിരുന്നു പ്രധാന ചർച്ച. നാഷണൽ പൊളിറ്റിക്സ് ഫോളോ ചെയ്യുന്നവരെ ആവേശം കൊള്ളിക്കുന്ന ഒരുപാട് ഘടകങ്ങൾ ബംഗാൾ തെരഞ്ഞെടുപ്പിലുണ്ടായിരുന്നുതാനും. ഈ ഒരു വസ്തുത തിരിച്ചറിഞ്ഞതിനാലാണ് ‍‍ഏഷ്യാനെറ്റ് ന്യൂസിൻ്റെ ദില്ലി റീജിയണൽ എഡിറ്റർ പ്രശാന്ത് രഘുവംശം ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് മുൻപായി ബംഗാളിൽ എത്തിയത്. ബംഗാൾ തെരഞ്ഞെടുപ്പിൻ്റെ ആദ്യ നാല് ഘട്ടങ്ങൾ സംസ്ഥാനത്താകെ സഞ്ചരിച്ച് പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിൻ്റെ പ്രേക്ഷകരിലേക്ക് എത്തിച്ചു. പിന്നെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അദ്ദേഹം ദില്ലിയിലേക്ക് മടങ്ങി. ദില്ലി ബ്യൂറോയിലെ ഞങ്ങളുടെ റിപ്പോർട്ടർ റോബിനും ബംഗാളിൽ നേരിട്ടെത്തുകയും വിദൂര ഗ്രാമങ്ങളിൽ വരെ സഞ്ചരിച്ച് ബംഗാൾ തെരഞ്ഞെടുപ്പിൻ്റെ ഉൾതുടിപ്പുകളെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.

ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ചൂടളക്കുന്നതിനപ്പുറം ആ സംസ്ഥാനത്തെ തിളച്ചു മറിയുന്ന രാഷ്ട്രീയ സാഹചര്യം എന്തായിരുന്നു എന്ന് കൂടി ഏഷ്യാനെറ്റ് ന്യൂസിൻ്റെ റിപ്പോർട്ടുകളിൽ അന്ന് വ്യക്തമായിരുന്നു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് മാർച്ച് 27-ന് ആരംഭിക്കും മുൻപേ തന്നെ ബംഗാളിൽ ടിഎംസി (തൃണമൂൽ കോൺഗ്രസ് ) ബിജെപി സംഘർഷം ആരംഭിച്ച കാര്യം ഞങ്ങളുടെ റിപ്പോർട്ടുകളിലുണ്ടായിരുന്നു. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയതോടെ തന്നെ ഈ സംഘ‍ർഷവും വ്യാപകമായി. പിന്നീട് ഒരോ ഘട്ടത്തിലും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ടിഎംസി- ബിജെപി പ്രവർത്തകർ ഏറ്റുമുട്ടുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും പല പ്രവർത്തകരും കൊല്ലപ്പെടുകയും ചെയ്തു.

തെരഞ്ഞെടുപ്പിനിടെ നടക്കുന്ന ഈ രാഷ്ട്രീയ സംഘർഷങ്ങലെ ചൊല്ലി ബിജെപി- തൃണമൂൽ നേതാക്കൾ തമ്മിൽ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടുന്നതും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, ബംഗാൾ ഗവർണർ, കേന്ദ്രസേന എന്നിവരെല്ലാം വിവാദങ്ങളുടേയും വിമർശനങ്ങളുടേയും നടുവിൽ വരുന്നതും ഏഷ്യാനെറ്റ് ന്യൂസ് വാ‍ർത്തയാക്കി. ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാൾ ഗവർണറെ നേരിൽ കണ്ട് പ്രത്യേക അഭിമുഖവും പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനായി നടത്തി.  

 

"പശ്ചിമ ബംഗാളിലെ അക്രമങ്ങൾ തെരഞ്ഞെടുപ്പ് സമയത്തും ശേഷവും വിശദമായി തന്നെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. മെയ് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്. അന്ന് രാത്രി ബംഗാളിൽ പലയിടത്തും അക്രമം തുടങ്ങി. മെയ് മൂന്ന്  മുതൽ തന്നെ റിപ്പോർട്ടുകൾ ഏഷ്യാനെറ്റ് ന്യൂസ് നല്കി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൻറെ വിശകലനത്തിനിടയിലും ബംഗാൾ പ്രാധാന്യത്തോടെ തന്നെ നമ്മൾ കൊടുത്തു. പ്രാദേശിക മാധ്യമപ്രവർത്തകരും ഏജൻസികളും സ്ഥിരീകരിച്ച വിവരങ്ങളാണ് നമ്മൾ നല്കിയത്. നന്ദിഗ്രാമിൽ ഉൾപ്പടെ ബിജെപി ഓഫീസുകൾക്കും സ്ഥാനാർത്ഥികളുടെ വീടുകൾക്കും നേരെ നടന്ന അക്രമങ്ങൾ നമ്മുടെ ആദ്യ റിപ്പോർട്ടുകളിൽ തന്നെയുണ്ടായിരുന്നു. സ്ത്രീകൾക്കെതിരെ പലയിടത്തും അക്രമം നടന്നു എന്ന വിവരവും ആ റിപ്പോർട്ടുകളിൽ കാണാം" - പ്രശാന്ത് രഘുവംശം 

 

ബംഗാളിലെ വിവിധ ജില്ലകളിലും വിദൂരഗ്രാമങ്ങളിലും ചെന്ന ഏഷ്യാനെറ്റ് ന്യൂസ് ടീം എല്ലായിടത്തും ഒരേ പോലെ തെര‍ഞ്ഞെടുപ്പ് ആവേശവും തൃണമൂൽ - ബിജെപി വൈര്യം കത്തിക്കേറുന്നതും പ്രേക്ഷകരിലേക്ക് എത്തിച്ചു. മൂന്ന്,നാല് ഘട്ട തെരഞ്ഞെടുപ്പുകളിൽ നടന്ന ചില അക്രമസംഭവങ്ങൾക്ക് ഏഷ്യാനെറ്റ് വാർത്ത സംഘം സാക്ഷിയാവുന്ന അവസ്ഥയുണ്ടായി. ബംഗാളിലെ പ്രാദേശിക മാധ്യമപ്രവർത്തകരിൽ നിന്നും ഞങ്ങൾക്ക് കിട്ടിയ വിവരങ്ങളിൽ തെളിഞ്ഞതും സംസ്ഥാനത്താകെ ബിജെപി- തൃണമൂൽ സംഘർഷം വ്യാപിക്കുന്നതാണ്.

മെയ് രണ്ടിന് ഫലം വന്നതോടെ അക്രമങ്ങൾ ഏകപക്ഷീയമായി മാറി. പിന്നീടുള്ള ദിവസങ്ങളിൽ ബിജെപി പ്രവർത്തകരെ തൃണമൂൽ പ്രവർത്തകർ വേട്ടയാടുന്ന അവസ്ഥയായിരുന്നു ബംഗാളിൽ ബിജെപി പ്രവർത്തകരുടെ വീടുകളും പാർട്ടി ഓഫീസുകളും വ്യപാരശാലകളും വ്യാപകമായി ആക്രമിക്കപ്പെട്ടു. പലയിടത്തും ബിജെപി പ്രവർത്തകർക്കൊപ്പം സിപിഎം പ്രവർത്തകർക്ക് നേരെയും തൃണമൂൽ പ്രവർത്തകരുടെ അക്രമമുണ്ടായി. വ്യാപകമായ ആക്രമണം തെരഞ്ഞെടുപ്പ് വിജയത്തിന് മേൽ കറവീഴ്ത്തുന്ന സ്ഥിതി വന്നതോടെ മമത തന്നെ സംഘ‍ർഷം അവസാനിപ്പിക്കാൻ രംഗത്തിറങ്ങി.

സംഘർഷത്തിനിടെ സ്ത്രീകൾക്ക് നേരെ ലൈംഗീക അതിക്രമം നടന്നതായും ബിജെപി ആരോപിച്ചിരുന്നു. നാനൂ‍ർ നിയോജകമണ്ഡലത്തിലെ ബിജെപി പോളിംഗ് ഏജൻ്റുമാരായ വനിതകൾക്ക് നേരെ ലൈംഗീക അതിക്രമം നടന്നുവെന്നായിരുന്നു ബിജെപി ആരോപണം എന്നാൽ മണ്ഡലം ഉൾപ്പെടുന്ന ബിർഭൂം ജില്ലാ പൊലീസ് മേധാവി ഈ വാർ‍ത്ത നിഷേധിച്ചിരുന്നു. ബിജെപി പോളിംഗ് ഏജൻ്റായ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വാർത്തകളും ചിത്രങ്ങളും പ്രചരിച്ചു.

എന്നാൽ വെസ്റ്റ് മിഡ്നാപ്പൂരിൽ കൊല്ലപ്പെട്ട ഒരു മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയുടെ ഫോട്ടോയാണ് ഇതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായെങ്കിലും ഇവർക്ക് ആർക്കും തന്നെ തൃണമൂൽ കോൺഗ്രസുമായോ മറ്റേതെങ്കിലും രാഷ്ട്രീയപാർട്ടികളുമായോ ബന്ധമുണ്ടായിരുന്നില്ല. കൊല്ലപ്പെട്ട കോളേജ് വിദ്യാർത്ഥിനിക്കും യാതൊരു തരത്തില്ല രാഷ്ട്രീയ ബന്ധമുണ്ടായിരുന്നില്ല.

മെയ് മൂന്ന് മുതൽ തന്നെ ബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങൾ വേട്ടയാടലായി മാറിയെന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയിരുന്നു. ആ ആഴ്ച മുഴുവൻ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തു ഒടുവിൽ കൊവിഡ് വ്യാപനം നേരിടാൻ മമത ബംഗാളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് സംഘർഷം താത്കാലികമായി അവിടെ അവസാനിച്ചത്.

ബംഗാൾ തെരഞ്ഞെടുപ്പും അതിൻ്റെ ഭാഗമായി അവിടെ നടന്ന സംഘ‍ർഷങ്ങളും ആരോടും പക്ഷപാതം കാണിക്കാതെയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് മുൻപേ ബംഗാളിൽ എത്തിയ ഞങ്ങളുടെ വാർത്താസംഘം കൊവിഡ് വ്യാപനം രൂക്ഷമാകും വരെ അവിടെ തുടർന്നു. അതിന് ശേഷവും എല്ലാ ദിവസവും എല്ലാ ബുള്ളറ്റിനുകളിലും ബംഗാൾ സംഘർഷത്തെക്കുറിച്ചുള്ള വാർത്തകൾ ഞങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ മെയ് രണ്ടിന് അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം ഏഷ്യാനെറ്റ് ന്യൂസിനെ ലക്ഷ്യം വച്ചു കൊണ്ടുള്ള വിദ്വേഷ പ്രചാരണം ചില കേന്ദ്രങ്ങളിൽ നിന്നും ആരംഭിച്ചു. ബംഗാൾ സംഘർഷം എന്തു കൊണ്ട് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല എന്ന് ചോദിച്ചു കൊണ്ട് നിരന്തരമായി ഞങ്ങളുടെ ഓഫീസുകളിലേക്ക് ഫോൺ കോളുകൾ എത്തി. ബംഗാൾ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ തുടർച്ചയായി ചാനലിൽ സംപ്രേക്ഷണം ചെയ്യപ്പെടുമ്പോൾ ആണ് ഈ കോളുകൾ വന്നു കൊണ്ടിരുന്നത്.

മന്ത്രി വി മുരളീധരന് നേരെ ആക്രമണം നടന്നപ്പോൾ പ്രതികരണം ഉൾപ്പടെ വിശദമായി നല്കി.  ബിജെപി സംസ്ഥാന ഘടകത്തിൻറ മാധ്യമ വിഭാഗത്തിൻറെ  വാട്ട്സാപ്പ് ഗ്രൂപ്പിൽ തെരഞ്ഞെടുപ്പ് റിപ്പോർട്ടിംഗിനിടെ ഏഷ്യാനെറ്റ് ന്യൂസിനെയും ഉൾപ്പെടുത്തിയിരുന്നു. ബിജെപി പ്രാദേശിക യൂണിറ്റ് ഇതിലൂടെ നല്കിയ വിവരങ്ങളും പ്രതികരണങ്ങളും സ്ഥിരീകരിച്ച ശേഷം നമ്മൾ റിപ്പോർട്ടിലുൾപ്പെടുത്തി. മെയ് മൂന്നിനും പത്തിനും ഇടയിൽ 12 വിഷ്വൽ സ്റ്റോറികളാണ് വിവിധ ബുള്ളറ്റിനുകളിലെ തത്സമയ റിപ്പോർട്ടുകൾക്ക് പുറമെ ഏഷ്യാനെറ്റ് ന്യൂസ് നല്കിയത്. ബംഗാൾ വാർത്തകൾ ഏഷ്യാനെറ്റ് ന്യൂസ് തമസ്ക്കരിച്ചു എന്ന പ്രചാരണം തീർത്തും അടിസ്ഥാന രഹിതമാണ് - പ്രശാന്ത് രഘുവംശം 

മാർച്ച് അവസാനവാരം മുതൽ ഏതാണ്ട് രണ്ട് മാസക്കാലം തുടർച്ചയായി ഏഷ്യാനെറ്റ് ന്യൂസ് ബംഗാൾ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്തു. ബംഗാൾ വാർത്തകൾ ഇല്ലാത്ത ഒരു ദിവസവും ഈ ആഴ്ചകളിൽ ഏഷ്യാനെറ്റ് ന്യൂസിൽ ഉണ്ടായില്ല. മറ്റേതൊരു മലയാള മാധ്യമത്തേക്കാളും വ്യക്തമായും ആധികാരികമായും ബംഗാൾ തെരഞ്ഞെടുപ്പും അവിടുത്തെ രാഷ്ട്രീയ സംഘർഷവും പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് അഭിമാനത്തോടെ പറയാനാവും. ആയിരക്കണക്കിന് ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞ ബംഗാൾ തെരഞ്ഞെടുപ്പിൻ്റെ വീഡിയോകൾ ഏഷ്യാനെറ്റ് ന്യൂസിൻ്റെ  യൂട്യൂബ് ചാനലിൽ ഇപ്പോഴുമുണ്ട്. ബംഗാളിലെ ഗ്രൗണ്ട് റിയാലിറ്റി എന്തായിരുന്നുവെന്ന് ആ വാർത്തകൾ പ്രേക്ഷകന് പറഞ്ഞു തരും.

സിപിഎം ബഹിഷ്കരണം പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾ അവരോട് അഭ്യർത്ഥിച്ചത് ജനാധിപത്യ വ്യവസ്ഥയിൽ തികച്ചും പ്രാകൃതമായ ബഹിഷ്കരണവും ഭ്രഷ്ടും പിൻവലിക്കണമെന്നാണ്. നിശിത വിമർശനത്തിനും ഇടമുള്ള  പരസ്പര സംഭാഷണത്തിേലേക്കും സംവാദത്തിലേക്കും മടങ്ങി വരണമെന്നാണ്. അതാണ് ബിജെപിയോടും അഭ്യർത്ഥിക്കാനുള്ളത്. അതാണ്   മറ്റിടങ്ങെളെക്കാൾ കേരളത്തിലെ സിപിഎമ്മും ബിജെപിയും കോൺഗ്രസും ഒക്കെ ഉൾപ്പെടുന്ന  രാഷ്ട്രീയസമൂഹവും മാധ്യമസമൂഹവും തമ്മിലുള്ള ബന്ധത്തിന്റെ ജനാധിപത്യ പാരമ്പര്യം. 

Follow Us:
Download App:
  • android
  • ios