ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ടി എൻ ഗോപകുമാറിന് ആദരമായി തിരുവനന്തപുരത്ത് റോഡിന് അദ്ദേഹത്തിന്‍റെ പേര് നൽകി. ടിഎൻജിയുടെ പത്താം ചരമവാർഷിക ദിനത്തിൽ നടന്ന ചടങ്ങിൽ മേയർ വി വി രാജേഷ് റോഡ് അനാച്ഛാദനം ചെയ്തു.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ടി എൻ ഗോപകുമാറിന് ആദരമായി തലസ്ഥാനത്ത് റോഡ്. ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തിന് മുന്നിലൂടെയുളള റോഡിന് ടിഎൻ ഗോപകുമാറിന്‍റെ പേരിട്ടു. മേയർ വി വി രാജേഷ് അനാച്ഛാദനം ചെയ്തു. ടിഎൻജിയുടെ പത്താം ചരമവാർഷിക ദിനത്തിലാണ് ആദരം. വാർത്തയിൽ നേരിന്‍റെ, നിർഭയത്വത്തിന്‍റെ വഴി വെട്ടിയ ടിഎൻജിയുടെ ഓർമയ്ക്കൊയാണ് പാതയ്ക്ക് ടിഎൻജിയുടെ പേരിട്ടത്. 

ഹൗസിങ് ബോർഡ് ജംങ്ഷനിൽ നിന്ന് വാൻറോസ് ജംങ്ഷൻ വരെ, ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തിന് മുന്നിലൂടെയുള്ള റോഡിനാണ് തിരുവനന്തപുരം കോർപ്പറേഷൻ ‘ഏഷ്യാനെറ്റ് ന്യൂസ് ടിഎൻ ഗോപകുമാർ റോഡ്’ എന്ന പേരിട്ടത്. ഉദ്ഘാടന ചടങ്ങില്‍ മേയർ വി വി രാജേഷ് ശരിയുടെ പക്ഷത്ത് നിരന്തരം നടന്ന ടിഎൻജി വഴി ഓർത്തെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് ബിസിനസ് ഹെഡ് ഫ്രാങ്ക് പി തോമസ് ചടങ്ങില്‍ സ്വാഗതമാശംസിച്ചു.

തിരുവനന്തപുരം കോ‍ർപ്പറേഷനിലെ സിപിഎം പാർലമെന്‍ററി പാർട്ടി നേതാവ് എസ് പി ദീപക്, കൗൺസിലർ ഹരികുമാർ, ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർമാരായ സിന്ധു സൂര്യകുമാർ, എസ് ബിജു, സീനിയർ കൺസൾട്ടന്‍റ് എഡിറ്റർ ഉണ്ണി ബാലകൃഷ്ണൻ, അസി. എക്സിക്യൂട്ടീവ് എഡിറ്റർമാരായ വിനു വി ജോൺ, പി ജി സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

YouTube video player