കോഴിക്കോട്: നിയമവിധേയമായതിലും അധികം ആൽക്കഹോൾ അടങ്ങിയ മദ്യം വിറ്റ കോഴിക്കോട്ടെ ബാർ എക്സൈസ് സംഘം അടച്ചുപൂട്ടി. ഏഷ്യനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. ബാറിന്‍റെ ലൈസൻസും എക്സൈസ് കമ്മീഷണർ സസ്പെൻഡ്ചെയ്തു. അനുവദനീയമായതിന്റെ 50 ശതമാനം അധികം ആള്‍ക്കഹോള്‍ അടങ്ങിയ മദ്യമാണ് കോഴിക്കോട് മുക്കത്തെ മലയോരം ഗേറ്റ് വേ ബാര്‍ വിറ്റത്. എക്സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് നടപടി. മദ്യത്തില്‍ ഉയര്‍ന്ന അളവില്‍ ആള്‍ക്കഹോള്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് മൂന്ന് മാസം മുൻപ് കിട്ടിയിട്ടും കേസെടുത്തതല്ലാതെ ബാറിന്‍റെ ലൈസന്‍സ് സസ്പെന്റ് ചെയ്യുകയോ പൂട്ടുകയോ ചെയ്തിരുന്നില്ല. 

കേസ് മാത്രം രജിസ്റ്റര്‍ ചെയ്ത് എക്സൈസ് സംഘം ബാറിന് വേണ്ടി ഒത്തുകളി നടത്തുകയായിരുന്നു. ഈ സംഭവം ഇന്നലെ ഏഷ്യാനെറ്റ്ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഉച്ചയോടെ ബാറിലെത്തിയ എക്സൈസ് സംഘം സ്റ്റോക്ക് എടുത്ത ശേഷം ബാറടച്ച് സീല്‍ ചെയ്ത് ലൈസന്‍സ് സസ്പെന്‍റ് ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് 29 നാണ് ഈ ബാറില്‍ നിന്നും വാങ്ങിയ ജവാന്‍ റം കഴിച്ച് കുറേയേറെപ്പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്നുള്ള പരാതിയില്‍ ദുര്‍ബല വകുപ്പ് മാത്രം ചേര്‍ത്തായിരുന്നു ആദ്യം എക്സൈസ് കേസെടുത്തിരുന്നത്.