കൊല്ലം കോർപ്പറേഷൻ തോൽവിക്ക് കാരണം പൊതുസമ്മതനല്ലാത്ത മേയർ സ്ഥാനാർത്ഥിയാണെന്ന സിപിഎം ജില്ലാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നാടകീയ രംഗങ്ങൾ. റിപ്പോർട്ട് അവതരണത്തിനിടെ മേയർ സ്ഥാനാർത്ഥിയായിരുന്ന വി കെ അനിരുദ്ധൻ വികാരാധീനായി യോഗത്തിൽ നിന്നിറങ്ങിപ്പോയി.
കൊല്ലം: പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയർത്തിക്കാട്ടിയത് തിരിച്ചടിയായെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി റിപ്പോർട്ട്. റിപ്പോർട്ട് അവതരണത്തിന് പിന്നാലെ മേയർ സ്ഥാനാർത്ഥിയായിരുന്ന വി കെ അനിരുദ്ധൻ വികാരാധീനായി ഇറങ്ങിപ്പോയി. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് വി കെ അനിരുദ്ധൻ. കൊല്ലം കോർപ്പറേഷൻ തോൽവിയെ കുറിച്ചുള്ള റിപ്പോർട്ടിംഗിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് സംഭവം. നാടകവും സാംബശിവൻ്റെ കഥാപ്രസംഗവും കണ്ടാണ് സിപിഎമ്മിൽ എത്തിയതെന്ന് വി കെ അനിരുദ്ധൻ യോഗത്തിൽ പറഞ്ഞു. പാർട്ടിയാണ് തനിക്ക് എല്ലാമെന്നും വി കെ അനിരുദ്ധൻ ജില്ലാ കമ്മിറ്റി യോഗത്തിൽ മറുപടി നൽകി. ഇതിന് ശേഷമാണ് അനിരുദ്ധൻ കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയത്.
25 കൊല്ലത്തെ ഇടതു ഭരണം അവസാനിപ്പിച്ചാണ് യുഡിഎഫ് കൊല്ലം കോർപറേഷൻ പിടിച്ചത്. 25 വർഷം ഭരിച്ച കോർപ്പറേഷനിൽ എൽഡിഎഫിന്‍റെ കുത്തക സീറ്റുകൾ അടക്കം പിടിച്ചടക്കി യുഡിഎഫ് ചരിത്ര വിജയം കുറിച്ചു. ഇത്തവണ ബിജെപിയും നേട്ടമുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കനത്ത പ്രഹരമുണ്ടായതിന്‍റെ ഞെട്ടലിലാണ് എൽഡിഎഫ്.
'ഇക്കൊല്ലം മാറു'മെന്ന മുദ്രാവാക്യത്തോടെയാണ് ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. ആദ്യം തന്നെ മേയർ സ്ഥാനാർത്ഥിയെ അടക്കം പ്രഖ്യാപിച്ച് പ്രചരണം തുടങ്ങി. 25 കൊല്ലം ഇടതുപക്ഷം മാത്രം ഭരിച്ച കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയുമായി ഇറങ്ങിയ കോൺഗ്രസ് നിറയെ ചോദ്യങ്ങൾ നേരിട്ടു. എന്നാൽ യുഡിഎഫിൻ്റെ ആത്മവിശ്വാസം തെറ്റിയില്ല. ചരിത്രത്തിൽ ആദ്യമായി കോർപ്പറേഷനിൽ യുഡിഎഫ് അധികാരത്തിൽ എത്തി.
കഴിഞ്ഞ തവണ 38 ഡിവിഷനിൽ വിജയിച്ച എൽഡിഎഫ് ഇത്തവണ 16 ൽ ഒതുങ്ങി. 10 സീറ്റുണ്ടായിരുന്ന യുഡിഎഫ് 27 ഡിവിഷൻ പിടിച്ചെടുത്തു. ഭരണ വിരുദ്ധ വികാരവും വോട്ടായെന്ന വിലയിരുത്തലാണ് യുഡിഎഫ് നടത്തിയത്.സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി കെ അനിരുദ്ധൻ അടക്കമുള്ള പ്രമുഖരുടെ പരാജയം എൽഡിഎഫിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. രണ്ട് മുൻ മേയർമാർ പരാജയപ്പെട്ടു. കോർപ്പറേഷനിലും പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും വർഷങ്ങളായി സ്വന്തമായിരുന്ന സീറ്റുകളാണ് എൽഡിഎഫിന് നഷ്ടമായത്. കരുനാഗപള്ളി നഗരസഭ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. വിഭാഗീയതയിൽ സിപിഎം വലഞ്ഞ നഗരസഭയാണ് കരുനാഗപ്പള്ളി. യുഡിഎഫിനൊപ്പം ബിജെപിയും ഇടതു ശക്തി കേന്ദ്രങ്ങൾ പിടിച്ചടക്കി. കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ ബി ജെ പി അക്കൗണ്ട് തുറന്നത് എൽഡിഎഫിനെ സംബന്ധിച്ച് ഇപ്പോഴും അവിശ്വസനീയമായ കാര്യമാണ്.



