മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശബരിമലയിലെ അരവണ നിർമ്മാണം പ്രതിസന്ധി നേരിടുന്നു. സാധനങ്ങൾ സന്നിധാനത്ത് എത്തിക്കാനുള്ള ട്രാക്ടർ കരാറിലെ കൂലിത്തർക്കമാണ് പ്രധാന കാരണം. എന്നാൽ പ്രതിസന്ധിയില്ലെന്നും പുതിയ ഇ-ടെൻഡർ വിളിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
പത്തനംതിട്ട: മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ശബരിമല അരവണ നിർമ്മാണം പ്രതിസന്ധിയിലേക്ക്. സാധനങ്ങൾ ശബരിമലയിൽ എത്തിക്കാനുള്ള ട്രാക്ടർ കരാർ ഇതുവരെ ആയിട്ടില്ല. ബോർഡും ട്രാക്ടറുകാരും തമ്മിലുള്ള കൂലിത്തർക്കം തുടരുകയാണ്. 30ന് വീണ്ടും ഇ ടെൻഡർ വിളിച്ചിട്ടുണ്ട്. നിലവിലെ കരുതൽ ശേഖരം ഏഴ് ലക്ഷം മാത്രമാണ്. നവംബർ 16ന് സീസൺ തുടങ്ങുമ്പോൾ 75 ലക്ഷം എന്നതാണ് ബോർഡ് ലക്ഷ്യമിടുന്നത്. എന്നാല്‍, പ്രതിസന്ധി ഇല്ലെന്നാണ് ദേവസ്വം ബോർഡ് വിശദീകരണം. പുതിയ ട്രാക്ടറുകൾ വാങ്ങാൻ തീരുമാനമുണ്ടെന്നും ശർക്കരയും അരിയും സന്നിധാനത്തേക്ക് ഇപ്പോഴും കൊണ്ടുപോകുന്നുണ്ടെന്നും ബോർഡ് വ്യക്തമാക്കി.
അതേസമയം, അവരണ നിര്‍മ്മാണ പ്ലാന്റും ഇതുവരെ പൂര്‍ണ ശേഷിയിലേക്ക് എത്തിയിട്ടില്ല. കപ്പാസിറ്റി കൂട്ടുമെന്ന് അറിയിച്ചാണ് പ്ലാന്റ് അടച്ചിട്ട് നിർമാണം തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ട്രാക്ടർ പ്രതിസന്ധിയും കാര്യങ്ങൾ വഷളാകുന്നത്. നേരത്തെ, ശർക്കരുയുടെയടക്കം കരാർ എടുക്കുന്ന കമ്പനി നേരിട്ട് സാധനങ്ങൾ സന്നിധാനത്തേക്ക് എത്തിക്കുന്ന തരത്തിലാണ് കരാർ നൽകിയിരുന്നത്.
എന്നാല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാർ ഇടപെട്ട് കമ്പനി പമ്പയിൽ എത്തിച്ചാൽ മതിയെന്ന് തീരുമാനം എടുത്തു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ചെലവിൽ സാധനങ്ങൾ സന്നിധാനത്തേക്ക് കൊണ്ട് പോകുന്ന നിലയിലാണ് പുതിയ കരാർ. തൂക്കത്തിലെയും ഗുണമേന്മയിലും ഡബിൾ ചെക്കിംഗ് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഈ സാഹചര്യത്തിലാണ് ട്രാക്ടർ ആവശ്യമായി വന്നത്. ഇനി 17 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ പുതിയ ഇ ടെൻഡര്‍ വിളിച്ച് എത്രയും വേഗം വിഷയം പരിഹരിക്കാൻ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്.






