Asianet News MalayalamAsianet News Malayalam

വയനാടിനെ ചേർത്തണച്ച് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോൺ; ബാങ്കിന്‍റെ ക്രൂരതയിൽ സിഎം ഓഫീസ് ഇടപെടൽ, പ്രവാസികളുടെ കരുതൽ

പിടിച്ച പണം ഗ്രാമീണ്‍ ബാങ്ക് തിരികെ നൽകുമെന്നാണ് എസ്എൽബിസി ജനറൽ മാനേജര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്.

Asianet News Livethon with Wayanad impact CM Office seeks report in on taking emi amount from landslide affected people by Grameen bank
Author
First Published Aug 18, 2024, 2:23 PM IST | Last Updated Aug 18, 2024, 2:59 PM IST

തിരുവനന്തപുരം: വയനാട് ഉരുള്‍ പൊട്ടൽ ദുരന്തത്തിൽ സര്‍വതും നഷ്ടപ്പെട്ടവര്‍ക്കായി ശബ്ദമുയര്‍ത്തി ഏഷ്യാനെറ്റ് ന്യൂസിന്‍റെ മൂന്നാം ലൈവത്തോണ്‍. അടിയന്തര ധനസഹായമായി സര്‍ക്കാര്‍ നൽകിയ തുകയിൽ നിന്ന് നിന്ന് പോലും ഗ്രാമീണ്‍ ബാങ്ക് വായ്പ തിരിച്ചു പിടിച്ചെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയോട് സര്‍ക്കാര്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കളക്ടറോട് റിപ്പോര്‍ട്ട് തേടി. ജില്ലാ കളക്ടർ പരിശോധന തുടങ്ങി.

ലൈവത്തോണിൽ സംപ്രേഷണം ചെയ്ത മിനിമോളുടെ വാർത്തയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടത്. ബാങ്കിന്‍റേത് മര്യാദയില്ലാത്ത നടപടിയെന്ന് മന്ത്രി വി.എൻ വാസവൻ വിമര്‍ശിച്ചു. പിടിച്ച പണം ബാങ്ക് തിരികെ നൽകുമെന്നാണ് എസ്എൽബിസി ജനറൽ മാനേജരുടെ മറുപടി.. ഉള്ളതെല്ലാം നഷ്ടമായി നിസഹായരായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരോടാണ് ഗ്രാമീണ്‍ ബാങ്കിന്‍റെ ക്രൂരത.

കടബാധ്യത മാത്രം ബാക്കിയായി ഇനി ജീവിതമെന്തെന്ന ചോദ്യ ചിന്ഹവുമായി കണ്ണീര്‍ വാര്‍ത്ത് കഴിയുന്ന മനുഷ്യരിൽ നിന്ന് യാതൊരു കരുണയുമില്ലാതെയാണ് വായ്പ തുക പിടിച്ചുപറിക്കുന്ന നടപടിയുണ്ടായത്. അടിയന്തര സഹായമായി സര്‍ക്കാര്‍ നൽകിയ പതിനായിരം രൂപയിൽ നിന്നു പോലും വായ്പ തുക തിരിച്ചു പിടിച്ച ഗ്രാമീണ്‍ ബാങ്ക് നടപടിയാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നത്. ഒരു ലക്ഷത്തിലധികം വായ്പയുള്ള ചൂരൽമല സ്വദേശി സന്ദീപിന് സര്‍ക്കാര്‍ നൽകിയ പണത്തിൽ നിന്നും രണ്ടായിരം രൂപ ഗ്രാമീണ്‍ ബാങ്ക് തട്ടിപ്പറിച്ചു.

പ്രശ്നം എസ്ൽബിസിയിൽ ഉന്നയിക്കുമെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു. വായ്പ എഴുതിതള്ളിയ കേരളബാങ്ക് മാതൃക മറ്റു ബാങ്കുകളും മാതൃകയാക്കണം. സമീപത്തെ കേരള ബാങ്ക് ശാഖകളിൽ നിന്നും ദുരിതബാധിതര്‍ എടുത്ത വായ്പ എഴുതി തള്ളുന്നതു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ രണ്ടാം ലൈവത്തോണിന് പിന്നാലെ തന്നെ ഇഎംഐ പിടിക്കരുതെന്ന ഗ്രാമീണ്‍ ബാങ്കിനോട് വാക്കാൽ ആവശ്യപ്പെട്ടിരുന്നതായി എസ്എൽബിസി, ജന.മാനേജര്‍ കെഎസ് പ്രദീപ് വിശദീകരിച്ചു.ദുരിത ബാധിതരുടെ വായ്പയുടെ കാര്യത്തിൽ നാളത്തെ പ്രത്യേക എസ് എൽ ബി സി യോഗം തീരുമാനമെടുക്കും. വായ്പകള്‍ക്ക് ജൂലൈ 30 മുതൽ മൊറട്ടോറിയം പ്രഖ്യാപിക്കുമെന്നും പ്രദീപ് പറഞ്ഞു.

വായ്പാ തിരിച്ചടവ് നീട്ടുകയല്ല, പകരം വായ്പ എഴുതി തള്ളണമെന്ന് ബാങ്കിംഗ് വിദഗ്ധൻ എസ്. ആദികേശവൻ ആവശ്യപ്പെട്ടു. പുനരധിവാസ പാക്കേജിൽ തൊഴിലിന് മുൻഗണന നൽകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.ദുരിത ബാധിതര്‍ താല്‍ക്കാലിക പുനരധിവാസ സ്ഥലങ്ങളിലേയ്ക്ക് മാറിയാൽ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ തുറക്കും.

വയനാട്ടിൽ ഉരുൾപൊട്ടലിൽ കാണാതായവരുടെ എണ്ണം ഇപ്പോൾ കൃത്യമായി പറയാനാവില്ലെന്ന്  റ​വ​ന്യൂ വകുപ്പ് മന്ത്രി കെ രാജൻ ലൈവത്തോണിൽ പറഞ്ഞു. പൂർണമായ കണക്കുകൾ ഡിഎൻഎ പരിശോധനാഫലങ്ങൾ എത്തിയ ശേഷമാകും പ്രഖ്യാപിക്കാനാവുകയെന്നും മന്ത്രി പറഞ്ഞു. 

എഴുതി തള്ളിയില്ലെങ്കിലും തിരിച്ചടവിന് സമയം വേണം

വീടുപണിയ്ക്കായി ചൂരൽമലയിലെ ഗ്രാമീണ ബാങ്കിൽ നിന്ന് 50,000 രൂപ വായ്പ എടുത്തതാണ് പുഞ്ചിരി മട്ടത്തെ മിനിമോൾ. തൽകാലത്തേക്ക് വായ്പ തിരിച്ചടവ് പിടിക്കില്ലെന്നായിരുന്നു പ്രതീക്ഷ. പക്ഷെ  അക്കൗണ്ടിൽ നിന്ന് ഒറ്റയടിയ്ക്ക് പണം പോയതിന്‍റെ അങ്കലാപ്പിലാണ് ഇപ്പോള്‍ മിനിമോള്‍. ഇത് മിനിമോളുടെ മാത്രം പ്രശ്നമല്ല. മുണ്ടക്കൈ ചൂരൽമല പുഞ്ചിരി മട്ടം എന്നിവിടങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികൾ വായ്പയ്ക്കായി ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഗ്രാമീണ ബാങ്കിനെയാണ്. ഇതിനാല്‍ ഇനിയും ഇത്തരത്തില്‍ ഇഎംഐ പിടിക്കുന്ന നടപടിയുണ്ടാകുമോയെന്ന ആശങ്കയിലാണ് ചൂരല്‍മലയിലെ ദുരന്ത ബാധിതര്‍. പശുക്കളെ വാങ്ങാനാണ് കേരള ഗ്രാമീണ ബാങ്കിൽ നിന്ന് രാജേഷ് വായ്പ എടുത്തത് . വീടും പശുക്കളും ഒലിച്ചു പോയി. പക്ഷെ തിരിച്ചടക്കാനുള്ള തുക ബാങ്ക് കൃത്യമായി പിടിച്ചു. വായ്പ എഴുതി തള്ളിയില്ലെങ്കിലും തിരിച്ചടവിന് കുറച്ച് സാവകാശമെങ്കിലും തരണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം. അതെ സമയം SLBC യുടെ വിശദ റിപ്പോർട്ട് കിട്ടിയാൽ മാത്രമെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂവെന്നാണ് ഗ്രാമീണ ബാങ്കിൻ്റെ വിശദീകരണം


മിനിമോള്‍ക്ക് പ്രവാസിയുടെ കൈത്താങ്ങ്

ചൂരൽമലയിലെ ഗ്രാമീണ ബാങ്കിൽ നിന്ന് 50,000 രൂപ വായ്പ എടുത്ത മിനിമോളുടെ അക്കൗണ്ടില്‍ നിന്ന് ദുരന്ത കാലത്തും ഇഎംഐ ഈടാക്കിയ ഗ്രാമീണ്‍ ബാങ്ക് നടപടി ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിലൂടെ പങ്കുവച്ചിരുന്നു. മിനിമോള്‍ക്ക് സഹായ വാഗ്ദനവുമായി പ്രവാസിയെത്തി. മിനിമോളുടെ മുഴുവന്‍ വായ്പാ തുകയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിലൂടെ പ്രവാസിയായ കാഞ്ഞങ്ങാട് സ്വദേശി അനില്‍ പൊതുവാള്‍ അറിയിച്ചു. ഉച്ചയോടെ സഹായവാഗ്ദാനമായ 50000 രൂപ മിനിമോളുടെ അക്കൗണ്ടിലെത്തി. ഏഷ്യാനെറ്റ് ന്യൂസിനും സഹായിച്ച പ്രവാസിക്കും ഏറെ നന്ദിയുണ്ടെന്നും ഇപ്പോഴാണ് സമാധാനമായതെന്നും ആശ്വാസമുണ്ടെന്നും മിനിമോള്‍ പറഞ്ഞു.


വിജയലക്ഷ്മിക്ക് കിളിമാനൂരുകാരുടെ സഹായം

ഭര്‍ത്താവിന്‍റെ മരണത്തോടെ മകന്‍റെ വിദ്യാഭ്യാസത്തിനായി വായ്പ എടുത്ത് സാമ്പത്തിക പ്രതിസന്ധിയിലായ വിജയ ലക്ഷ്മിക്കും ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിലൂടെ സഹായമെത്തി. പ്രവാസികളായ കിളിമാനൂര്‍ സ്വദേശികള്‍ ചേര്‍ന്ന് വിജയലക്ഷ്മിക്ക് 50,000 രൂപ നല്‍കുമെന്ന് അറിയിച്ചു.സകലതും നഷ്ടമായ മനുഷ്യരുടെ ശബ്ദമായി മാറുകയാണ് വീണ്ടും ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണ്‍.

അക്കൗണ്ടിൽ ദുരിതാശ്വാസ തുക എത്തിയപ്പോൾ ഇഎംഐ പിടിച്ചുപറിച്ച് ബാങ്ക്; എല്ലാം തകര്‍ന്ന് നിൽക്കുന്നവരോട് ക്രൂരത

 

Latest Videos
Follow Us:
Download App:
  • android
  • ios