Asianet News MalayalamAsianet News Malayalam

സഹായ വാഗ്ദാനങ്ങളും വ്യക്തമായ ഉറപ്പുകളും; ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ വയനാടിന് കൈത്താങ്ങുമായി കേരളം

പുനരധിവാസം, ഉപജീവനം, വായ്പാ ബാധ്യത, കുട്ടികളുടെ വിദ്യാഭ്യാസം അടക്കം അതിജീവന വിഷയങ്ങൾ ഉയർത്തി ഏഷ്യാനെറ്റ് ന്യൂസ് 'എൻനാട് വയനാട്' ലൈവത്തോണ്‍ രണ്ടാം പതിപ്പ്

asianet news livethone 2 ennad wayanad today 12-08-2024 for wayanad
Author
First Published Aug 12, 2024, 6:07 AM IST | Last Updated Aug 12, 2024, 2:32 PM IST

തിരുവനന്തപുരം: വയനാടിന്റെ പുനർനിർമാണത്തിലും അതിജീവിതരുടെ പുനരധിവാസത്തിലും ഊന്നിയ ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം ലൈവത്തോണിന് ആവേശകരമായ പ്രതികരണം. അതിജീവിതർക്ക് സമയബന്ധിതമായ പുനരധിവാസം എത്രയും വേഗം നടപ്പാക്കുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. നാല് മണിക്കൂർ നീണ്ട ലൈവത്തോണിൽ ഒട്ടേറെ പ്രഖ്യാപനങ്ങളും വ്യക്തമായ ഉറപ്പുകളും ഉണ്ടായി.

ഒറ്റപ്പെട്ടവർക്ക് ലോക്കൽ ഗാർഡിയനായി സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കും: മന്ത്രി റിയാസ്

വയനാട്ടിൽ ടൗൺഷിപ്പിന് വേണ്ടിയുള്ള സ്ഥലത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എല്ലാവരുടേയും അഭിപ്രായം കേട്ടുകൊണ്ടായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും. സ്കൂൾ, ആശുപത്രി, കൃഷി, റോഡ്, വാഹന സൗകര്യം, ഉപജീവനമാർ​ഗം, സ്കിൽ ഡെവലപ്മെന്റ് സെന്റർ തുടങ്ങി ദൈനംദിന ജീവിതത്തിലെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. മാനസികമായ പിന്തുണയ്ക്ക് വേണ്ടി സ്ഥിരമായി കൗൺസലിം​ഗ് സംവിധാനം കൂടി ഏർപ്പെടുത്തും. നിർമാണഘട്ടത്തിൽ ദുരന്തബാധിതർക്ക് തൊഴിൽ സാധ്യതയുണ്ടാവുമോ എന്ന് പരിശോധിക്കും. ഒറ്റപ്പെട്ടുപോയ ഒരുപാട് പേരുണ്ട്. അവരെ വീട്ടിൽ ഒറ്റയ്ക്ക് താമസിപ്പിക്കാനാവില്ല. കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നു പോവുന്ന അവർക്ക് ലോക്കൽ ​ഗാർഡിയനായി സർക്കാർ ഉദ്യോ​ഗസ്ഥനുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

വാടക വീടുകള്‍ സര്‍ക്കാര്‍ സജ്ജമാക്കും: മന്ത്രി കെ രാജൻ

വയനാട് ദുരന്തത്തിലെ ദുരിത ബാധിതർക്കുള്ള പുനരധിവാസത്തിൽ സർക്കാരിന് കൃത്യമായ ധാരണയുണ്ടെന്നും അക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള ആശങ്ക വേണ്ടെന്നും മന്ത്രി  വ്യക്തമാക്കി. ഒന്നാമത്തെ ഘട്ടം സ്കൂളിലേക്ക് മാറ്റുക എന്നുള്ളതാണ്. ഇവരിൽ ബന്ധു വീടുകളിലേക്കും മാറുന്നവരെയും മാറിയവരെയും ഒഴിവാക്കിയാൽ ബാക്കിയുള്ളവരെ താത്ക്കാലികമായി ലഭ്യമായ വാടക വീടുകളിലും സർക്കാർ ക്വാർട്ടേഴ്സുകളിലും കൃത്യമായ ഉപകരണങ്ങളോടെ തന്നെ പുനരധിവസിപ്പിക്കാൻ തന്നെയാണ് തീരുമാനം. 65 ക്വാർട്ടേഴ്സുകൾ ഇപ്പോൾ റെഡ‍ിയാണ്. 34 എണ്ണം തയ്യാറാക്കുന്നുണ്ട്. പുനരധിവസിപ്പിക്കേണ്ട ആളുകളെക്കുറിച്ചുള്ള  കണക്കുകൾ ഇപ്പോൾ തയ്യാറാക്കുന്നുണ്ട്. ലഭ്യമായ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യം ആളുകളെ മാറ്റുക. അവരിൽ തന്നെ വിദ്യാർത്ഥികളുടെ വിദ്യാഭാസത്തിനും മുൻ​ഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. 

വയനാടിനായി മോദിയുടെ സ്വപ്നം 'നവ അധിവാസം'; കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് സുരേഷ് ഗോപി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പുനരധിവാസമല്ല, നവ അധിവാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസിലുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. അവര്‍ ആഗ്രഹിക്കുന്ന പോലെ അപകട രഹിതമായൊരു ജീവിതം എങ്ങനെയാണ് സമ്മാനിക്കാന്‍ കഴിയുക എന്നാണ് കേന്ദ്രം ആലോചിക്കുന്നത്. പുനരധിവാസം മാത്രമല്ല അവരുടെ ഉപജീവനത്തിന് വേണ്ടി അടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. 

20 സെന്‍റ്  നൽകും; യാക്കൂബിന് കൈത്താങ്ങായി പുൽപ്പള്ളി സ്വദേശി കുര്യൻ ജോർജ് 

വയനാട് ഉരുൾപൊട്ടലിൽ എട്ടരയേക്കർ കൃഷി ഭൂമി നഷ്ടമായ യാക്കൂബിന് കൈത്താങ്ങായി പുൽപ്പള്ളി സ്വദേശി കുര്യൻ ജോർജ്. 20 സെന്‍റ് നൽകുമെന്ന് കുര്യൻ ജോർജ് അറിയിച്ചു. അതോടൊപ്പം തന്‍റെ നാലേക്കർ സ്ഥലത്ത് കൃഷി ചെയ്ത് ആദായമെടുക്കാം. താൻ നേരിട്ടെത്തി എപ്പോൾ വേണമെങ്കിലും സ്ഥലം രജിസ്റ്റർ ചെയ്ത് നൽകാമെന്നും കുര്യൻ ജോർജ് എഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ പറഞ്ഞു. ഭോപ്പാലിലാണ് കുര്യൻ ജോർജ് താമസിക്കുന്നത്. ഭോപ്പാൽ ദുരന്തം നേരിട്ടനുഭവിച്ച വ്യക്തിയാണ് താനെന്ന് കുര്യൻ ജോർജ് വിശദീകരിച്ചു. വയനാടിന്‍റെ ദുരന്തം തന്നെ ദുഃഖത്തിലാഴ്ത്തിയെന്നും കുര്യൻ ജോർജ് പറഞ്ഞു.

മൊറട്ടോറിയം: സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഉടൻ തീരുമാനിക്കുമെന്ന് എസ്എൽബിസി ജനറൽ മാനേജർ

ദുരന്ത ബാധിതരുടെ വായ്പ മൊറട്ടോറിയവുമായി ബന്ധപ്പെട്ട തീരുമാനം സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഉടൻ തീരുമാനിക്കുമെന്ന് എസ്എൽബിസി ജനറൽ മാനേജർ കെഎസ് പ്രദീപ്. വായ്പയെടുത്ത ദുരന്ത ബാധിതരിൽ നിന്നും ഇഎംഐ ഈടാക്കുന്നത് ഒഴിവാക്കാനുള്ള നിർദേശം നൽകുമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും കെഎസ് പ്രദീപ് പറഞ്ഞു. 

അച്ഛനെയും അമ്മയെയും സഹോദരനെയും ദുരന്തമെടുത്തു, ഒന്നുമറിയാതെ കുഞ്ഞ് അവന്തിക, കയറി കിടക്കാനുമിടമില്ല

ചൂരൽമലയിൽ കേരള ​ഗ്രാമീൺ ബാങ്കും കേരള ​ബാങ്കും ഉൾപ്പെടെ ബാങ്കുകൾ നൽകിയിട്ടുള്ളത് 29 കോടിയോളം രൂപയുടെ വായ്പയാണ്. മേപ്പാടിയിൽ 7 ബാങ്കുകളുമുണ്ട്. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാ ബാങ്കുകളും തമ്മിലുള്ള യോ​ഗം നടന്നുകഴിഞ്ഞു. യോ​ഗത്തിൽ റിസർവ്വ് ബാങ്കിന്റെ ഉൾപ്പെടെയുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. വായ്പയുമായി ബന്ധപ്പെട്ട് ആർബിഐ ​ഗൈഡ് ലൈൻ അനുസരിച്ച് മാക്സിമം റിലീഫ് നൽകാനാണ് തീരുമാനിച്ചതെന്ന് കെഎസ് പ്രദീപ് പറഞ്ഞു.  

നൈസയുടെ വിദ്യാഭ്യാസമുൾപ്പെടെ എല്ലാ ചെലവുകളും ഏറ്റെടുക്കുമെന്ന് വി ഡി സതീശൻ

വയനാട് ദുരന്തത്തിൽ അച്ഛനും സഹോദരങ്ങളും നഷ്ടപ്പെട്ട കുഞ്ഞുനൈസയെ ചേർത്തുപിടിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നൈസയുടെ വിദ്യാഭ്യാസ ചെലവുകൾ ഉൾപ്പെടെ മുഴുവൻ ചെലവുകളും ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിലൂടെ അറിയിച്ചു. കുട്ടിയെ കണ്ട അന്നു തന്നെ ഇക്കാര്യം തീരുമാനിച്ചിരുന്നുവെന്നും വ്യക്തിപരമായി തന്നെ ഇക്കാര്യങ്ങൾ ചെയ്യുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നുവെന്നും സതീശൻ പറഞ്ഞു. നൈസക്ക് ഇപ്പോൾ ഉമ്മ മാത്രമേയുള്ളൂ. വീടും അച്ഛനും സഹോദരങ്ങളും ദുരന്തത്തിൽ നഷ്ടമായി. 

ദുരന്തബാധിതരിൽ നിന്ന് ഇഎംഐ പിടിച്ചത് അന്വേഷിക്കും, വായ്പ മോറട്ടോറിയം ഉടൻ തീരുമാനിക്കും; എസ്എൽബിസി ജനറൽ മാനേജർ

ദുരിതബാധിതരുടെ വായ്പ്കൾക്ക് മോറട്ടോറിയം നടപ്പാക്കണമെന്ന് ബാങ്കിംഗ് വിദഗ്ധൻ

വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതരുടെ വായ്പ്കൾക്ക് മോറട്ടോറിയം നടപ്പാക്കണമെന്ന് ബാങ്കിംഗ് വിദഗ്ധൻ ആദി കേശവൻ. റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശപ്രകാരം ഒരു പ്രകൃതി ദുരന്തം ഉണ്ടായി കഴിഞ്ഞാല്‍ ആ പ്രദേശത്തെ വായ്പകളെല്ലാം തന്നെ പുനക്രമീകരിക്കാൻ ബാങ്കുകൾക്ക് അനുമതിയുണ്ട്. ജില്ലാ തലത്തില്‍ ആണെങ്കില്‍ തന്നെ ഡിസ്ട്രിക്ട് കണ്‍സൾട്ടേറ്റീവ് കമ്മിറ്റിക്ക് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ എൻനാട് വയനാട് ലൈവത്തോണില്‍ സംസാരിക്കുകയായിരുന്നു ആദി കേശവൻ. എസ്എൽബിസി കൂടി കൂട്ടായ തീരുമാനം എടുക്കുന്നത് കുറച്ച് കൂടി നല്ലതാണ്. ഇതുവരെ എടുത്തിട്ടുള്ള എല്ലാ വായ്പകൾക്കും ഒരു വര്‍ഷം മോറട്ടോറിയം നടപ്പാക്കണം. വ്യക്തിഗത വായ്പകളും സ്വര്‍ണ പണയവും വരെ ഇതില്‍ ഉൾപ്പെടുത്തണം

അവന്തികക്ക് കൈത്താങ്ങായി സൈനികൻ, മാസം 2000 രൂപ നൽകും

വയനാട് ഉരുൾപ്പൊട്ടൽ ദുരിതത്തിൽ അച്ഛനും അമ്മയും സഹോദരനും മരിച്ച അവന്തിക എന്ന കുഞ്ഞിന് സഹായവുമായി തിരുവനന്തപുരം കളളിക്കാട് സ്വദേശിയായ സൈനികൻ ജിത്തു. എല്ലാ മാസവും കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 2000 രൂപ വീതം സഹായം നൽകുമെന്ന് ജിത്തു അറിയിച്ചു. കുഞ്ഞിന്റെ സ്കൂൾ തുറക്കുമ്പോൾ പുസ്തകങ്ങളടക്കം എല്ലാം വാങ്ങി നൽകും. അതിനൊപ്പം വിശേഷ ദിവസങ്ങളിൽ പ്രത്യേക സഹായം നൽകുമെന്നും ജിത്തു അറിയിച്ചു. 


 

Latest Videos
Follow Us:
Download App:
  • android
  • ios