2023 ലെ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് എഡിറ്റർ രജനി വാര്യർക്കാണ്. ഉള്ളുനീറി ഊരുകൾ എന്ന പരിപാടിക്കാണ് അവാർഡ്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്ന ശോഭ ശേഖറിന്‍റെ സ്മരണയ്ക്കായി വനിതാ മാധ്യമപ്രവർത്തകർക്ക് എർപ്പെടുത്തിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2023 ലെ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് എഡിറ്റർ രജനി വാര്യർക്കാണ്. ഉള്ളുനീറി ഊരുകൾ എന്ന പരിപാടിക്കാണ് അവാർഡ്. 2024ലെ പുരസ്കാരം ന്യൂസ് മലയാളം 24*7 ലെ ഫൗസിയ മുസ്തഫയ്ക്കാണ്. മനസ്സ് തകർന്നവർ മക്കളെ കൊന്നവർ എന്ന വാർത്താ പരമ്പരയ്ക്കാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ശോഭ ശേഖർ മെമ്മോറിയൽ ഫാമിലി ട്രസ്റ്റാണ് പുരസ്കാരം ഏ‌ർപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭ ശേഖറിന്റെ സ്മരണാര്‍ത്ഥം ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ് തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരമാണിത്. സാമൂഹ്യ പ്രതിബദ്ധത, സ്ത്രീ ശാക്തീകരണം, ശിശു ക്ഷേമം, ഭിന്നശേഷി ക്ഷേമം എന്നിവയിലേതെങ്കിലും പ്രമേയമാക്കി വനിതകള്‍ സംവിധാനം ചെയ്ത് സംപ്രേഷണം ചെയ്ത പരിപാടിക്കാണ് പുരസ്‌കാരം നല്‍കുന്നത്. 

ശോഭ ശേഖർ 2022 മാർച്ച് 5 നാണ് അന്തരിച്ചത്. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2012 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്തിരുന്ന ശോഭ ശേഖർ, നേർക്കുനേർ അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പരിപാടികളുടെ പ്രൊഡ്യൂസറായിരുന്നു. എ കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന വി സോമശേഖരൻ നാടാറാണ് അച്ഛൻ.

YouTube video player