തിരുവനന്തപുരം പേയാട്  സ്വദേശിയായ ശർമിള കെയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള ഏഷ്യാനെറ്റ്‌ ന്യൂസ്‌ നഴ്സിംഗ് എക്സലൻസ് അവാർഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. അവാര്‍ഡ് കേരളത്തിന് അകത്തും പുറത്തുമുള്ള നഴ്സിംഗ് സമൂഹത്തിന് സമര്‍പ്പിക്കുന്നുവെന്ന് പുരസ്കാരം ഏറ്റുവാങ്ങി കൊണ്ട് ശർമ്മിള പറഞ്ഞു. മനസും ആരോഗ്യവും ഉള്ള കാലത്തോളാം ആരോഗ്യ ഖലയില്‍ പ്രവർത്തിക്കും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നഴ്സിംഗ് സമൂഹത്തിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ശ്രമത്തിന് നന്ദി പറയുന്നതായും ശർമ്മിള വ്യക്തമാക്കി.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലടക്കം ചെയ്ത നിസ്വാർത്ഥ സേവനങ്ങളാണ് ശർമ്മിളയെ പുരസ്കാരത്തിന് അർഹയാക്കിയത്. ജോലി ചെയ്ത ആശുപത്രികളിലെല്ലാം സിസ്റ്ററമ്മ എന്ന പേരിൽ മാത്രം അറിയപ്പെട്ട നഴ്സാണ് കെ ശർമ്മിള തിരുവനന്തപുരം പേയാട് സ്വദേശി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അനാഥരെ പ്രവേശിപ്പിക്കുന്ന 9 ആം വാർഡിൽ രോഗികൾക്ക് ആശ്വാസമേകാൻ നടത്തിയ ഒറ്റയാൾ പരിശ്രമങ്ങൾ അവരുടെ സേവനരംഗത്തെ മികവിന് ഒരു ഉദാഹരണം മാത്രം ആണ്. രോഗികൾക്ക് ആഹാരവും വസ്ത്രവും സ്വന്തം നിലയ്ക്കും മറ്റുള്ളവരിൽ നിന്നും ശേഖരിച്ചും നൽകിയ ശർമ്മിള ജോലി സമയത്തിന് ശേഷവും സഹായിയായി അവർക്കരികിലേക്കെത്തി. സിസ്റ്ററിന്റെ ഇടപെടലിൽ 200ൽ പരം രോഗികളെ വിവിധ കേന്ദ്രങ്ങളിൽ പുനരധിവസിപ്പിക്കാൻ കഴിഞ്ഞു. ചിലർക്ക് സ്വന്തം ബന്ധുക്കളുടെ അടുത്തേക്ക് മടങ്ങാനും ആയി.

മാനസികമായും ശാരീരികമായും വെല്ലുവിളികൾ നേരിടുന്നവർക്കുള്ള തിരുവനന്തപുരത്തെ റീഹാബിലിറ്റേഷൻ സെന്ററിലെ സൌകര്യങ്ങൾ പൊതുജനസഹായത്തോടെ മെച്ചപ്പെടുത്തിയതാണ് ശർമ്മിളയുടെ കർമ്മരംഗത്തെ മറ്റൊരു നേട്ടം. അവിടെ നിന്ന് 27 സ്ത്രീകളെയും 3 കുട്ടികളെയും അവരവരുടെ വീടുകളിലേക്ക് തിരിച്ചയക്കാനും ശർമ്മിളയ്ക്കായി. കേന്ദ്ര സർക്കാരിന്റെ 2014ലെ ഫ്ലോറൻസ് നൈംറ്റിംഗെയ്ൽ അവാർഡ്, സംസ്ഥാന സർക്കാരിന്റെ 2017ലെ വനിതാരത്ന പുരസ്കാരം, 2013ലെ മികച്ച നഴ്സിനുള്ള സംസ്ഥാന അവാർഡ് കൂടാതെ നിരവധി സംഘടനകൾ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ. കെ. ശർമ്മിളയുടെ സേവനങ്ങൾക്ക് ഇത് വരെ ലഭിച്ച അംഗീകാരങ്ങൾ നിരവധിയാണ്.