കോഴിക്കോട് ഓഫീസ് പരിശോധന ഏഷ്യാനെറ്റ് ന്യൂസിനെ നിയന്ത്രിക്കുന്നതിനും ഭയപ്പെടുത്താനുമുള്ള നീക്കമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. 

തിരുവനന്തപുരം: കോഴിക്കോട് ഓഫീസ് പരിശോധന ഏഷ്യാനെറ്റ് ന്യൂസിനെ നിയന്ത്രിക്കുന്നതിനും ഭയപ്പെടുത്താനുമുള്ള നീക്കമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പിണറായി വിജയൻ ഗവൺമെന്റിന്റെ ഏറ്റവും വലിയ അതിക്രമമായി നാളെ സമൂഹം വിലയിരുത്തും. മാധ്യമ സ്വാതന്ത്രത്തിനെതിരെയുള്ള കടന്ന് കയറ്റത്തെ അപലപിച്ച മാർക്സിസ്റ്റ് പാർട്ടി, അവരുടെ കീഴിൽ ഇപ്പോൾ മലയാളത്തിലെ ആദ്യത്തെ ചാനലിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു.

അതേസമയം, ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് ഓഫീസിൽ പൊലീസ് നടത്തിയ പരിശോധന ഭരണകൂട ഭീകരതയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പ്രതികാര മനോഭാവത്തോടെ പെരുമാറുകയാണെന്നും ഇത് ജനാധിപത്യത്തിനും പത്രമാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്നും ചെന്നിത്തല പ്രതികരിച്ചു. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിച്ച് കൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്കെതിരെ ഡോക്യുമെന്‍ററിയെടുത്തെന്ന പേരില്‍ കേന്ദ്രം ബിബിസിയെ വേട്ടയാടി, ഇവിടെ പിണറായി വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.പുരോഗമന സമൂഹത്തിന് സര്‍ക്കാരിന്‍റെ ഈ സമീപനം അംഗീകരിക്കാനാവില്ല. ആളുകളെ ഭീഷണിപ്പെടുത്തുകയാണ് പൊലീസ് ചെയ്യുന്നത്. അധികാരം കൈയ്യിലുണ്ടെന്ന് കരുതി സര്‍ക്കാര്‍ ധിക്കാരവും അങ്കാരവും കാണിക്കുന്നു. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ നിയമനടപടി സ്വീകരിക്കാം. പക്ഷേ ഒരു മാധ്യമ സ്ഥാപനത്തിന് നേരെ നടക്കുന്ന സംഘടിത നീക്കം അഗീകരിക്കാനാവില്ല.

കേരളത്തിലെ മാധ്യമങ്ങള്‍ എത്ര വാര്‍ത്തകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നല്‍കുന്നുണ്ട്. ആരും പരാതി കൊടുക്കുകയോ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിന് നേരെ നടക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Readmore: ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന

ഏഷ്യാനെറ്റ് ന്യൂസിന് നേരെ നടക്കുന്ന പരാതിയും പരിശോധനയും ഫാസിസത്തിന്‍റെ ഏറ്റവും ക്രൂരമായ രൂപമാണെന്ന് കെകെ രമ എംഎല്‍എ പ്രതികരിച്ചു. ഏത് നാട്ടിലാണ് ജീവിക്കുന്നത്. തങ്ങള്‍ക്കെതിരെ വാര്‍‌ത്ത ചെയ്യുന്നവരെ, തുറന്നുകാട്ടുന്നവരെ വെറുതെ വിടില്ല എന്നാണ് സിപിഎം ഇതിലൂടെ പറയുന്നത്. എല്ലാ കാലത്തും മാധ്യമങ്ങള്‍ അനീതിക്കെതിരെ നിലപാടെടുക്കുന്നവരാണ്. സോളാര്‍ കേസടക്കം യുഡിഎഫിനെതിരെ എത്ര വാര്‍ത്ത വന്നു. പക്ഷേ ആരും മാധ്യമങ്ങളെ ആക്രമിച്ചില്ല. എന്നാല്‍ പിണറായിക്കെതിരെ വാര്‍ത്ത വന്നത് കൊണ്ട് ഏഷ്യാനെറ്റിനെ ടാര്‍ജറ്റ് ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പാര്‍ട്ടി ചാനല്‍ തെരഞ്ഞെടുപ്പ് സമയത്ത് എനിക്കെതിരെ വ്യാജ വാര്‍ത്ത കൊടുത്തിരുന്നു. യഥാര്‍ത്ഥ ഫാസിസം ഇതാണ്- രമ പറഞ്ഞു.