മലക്കപ്പാറ സർക്കാർ യു.പി സ്കൂളിലേക്ക് വിദ്യാഭ്യാസം തേടി കാടിറങ്ങി എത്തിയ ആദിവാസി കുട്ടികളുടെ ജീവിതം പറഞ്ഞ സ്റ്റോറിക്കാണ് പുരസ്കാരം. നവംബർ രണ്ടിന് നടക്കുന്ന ചടങ്ങിൽ മന്ത്രി റോജി എം ജോൺ പുരസ്കാരങ്ങൾ സമ്മാനിക്കും.

കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആഭിമുഖ്യത്തിലുള്ള ലീലാ മേനോൻ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡിന് മാതൃഭൂമി ഡപ്യൂട്ടി എഡിറ്ററായിരുന്ന എൻ പി രാജേന്ദ്രൻ അർഹനായി. ടിവി മാധ്യമത്തിലെ മികച്ച ഫീച്ചറിനുള്ള അവാർഡ് ഏഷ്യാനെറ്റ് തൃശൂർ ബ്യൂറോയിലെ അനഘ മുരളിക്കാണ്. മലക്കപ്പാറ സർക്കാർ യു.പി സ്കൂളിലേക്ക് വിദ്യാഭ്യാസം തേടി കാടിറങ്ങി എത്തിയ ആദിവാസി കുട്ടികളുടെ ജീവിതം പറഞ്ഞ സ്റ്റോറിക്കാണ് പുരസ്കാരം.

അച്ചടി മാധ്യമത്തിലെ മികച്ച ഫീച്ചറിനുള്ള അവാർഡ് മാതൃഭൂമി കൊച്ചി യൂണിറ്റിലെ റിപ്പോർട്ടർ ബെറിൽ തെരേസ ബാബുവും മുതിർന്ന പ്രാദേശിക ലേഖകൻ എൻ പി ഹരിദാസും ചേർന്ന് 'ഞങ്ങൾക്ക് ശ്വാസം മുട്ടുന്നേ' എന്ന തലക്കെട്ടിൽ തയ്യാറാക്കിയ ഏലൂർ-എടയാർ മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം വിവരിക്കുന്ന ഫീച്ചറിനാണ്. ചന്ദ്രിക ഫോട്ടോഗ്രാഫർ നിഥിൻ കൃഷ്ണക്കാണ് ഫോട്ടോഗ്രാഫി അവാർഡ്. എറണാകുളം ചങ്ങാടം പൊക്ക് കനാലിലെ മാലിന്യം നീക്കുന്നയാളുടെ ചിത്രമാണ് അവാർഡിനർഹമായത്.

ടി.വി മാധ്യമത്തിലെ തന്നെ മികച്ച വീഡിയോഗ്രാഫിക്കുള്ള അവാർഡ് മനോരമ ചാനലിലെ സീനിയർ ക്യാമറാമാൻ അഖിൽ ദാസിനാണ്. മുനമ്പം നിവാസികളുടെ ഭൂ സംരക്ഷണ സമരപന്തലിനു സമീപത്തെ തെങ്ങിൽ പകൽനേരം വിരുന്നു വന്ന കുഞ്ഞൻ മൂങ്ങയുടെ ദൃശ്യങ്ങളാണ് അവാർഡിനർഹമായത്. ഡോ.ബാബു ജോസഫ്, കെ.ആർ. ജ്യോതിർഘോഷ്, ടി. സതീശൻ, ടി അരുൺ കുമാർ എന്നിവരടങ്ങിയ ജൂറിയാണ് വിധികർത്താക്കൾ. പുരസ്‌കാരം നവംബർ രണ്ടിന് ഉച്ചയ്ക്ക് 3 മണിക്ക് അന്താരാഷ്ട്ര പുസ്ത കോത്സവ വേദിയിൽ വെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ സമ്മാനിക്കും.