Asianet News MalayalamAsianet News Malayalam

നിയമസഭ കയ്യാങ്കളി കേസ്; പ്രതികളുടെ വിടുതൽ ഹർജി തള്ളി, നവംബർ 22 ന് ഹാജരാകണമെന്ന് കോടതി

ആറ് പ്രതികളും നവംബർ 22 ന് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. നവംബർ 22 ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും.
 

assembly ruckus case court rejected the pleas of the accused
Author
Thiruvananthapuram, First Published Oct 13, 2021, 11:34 AM IST

തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസിൽ മന്ത്രി വി.ശിവൻകുട്ടി ഉള്‍പ്പെടെയുള്ള ആറ് എൽഡിഎഫ് നേതാക്കളുടെ വിടുതൽ ഹർജി കോടതി തള്ളി. പ്രതികള്‍ വിചാരണ നേരിടണമെന്നാവശ്യപ്പെട്ട സിജെഎം കോടതി 22ന് നേരിട്ട് ഹാജരാകാനും നിർദ്ദേശിച്ചു. അന്ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും.

ബാർ കോഴക്കേസിൽ പ്രതിയായ മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിടെ സ്പീക്കറുടെ ഇരിപ്പടവും കമ്പ്യൂട്ടറും മൈക്കുമെല്ലാം നശിച്ച കേസിലാണ് നിർണായ ഉത്തരവ്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെടി.ജലീലീൽ, എംഎൽഎമരായ സി.കെ.സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, കെ.അജിത്ത് എന്നിവരാണ് പ്രതികള്‍. കേസിൽ നിരപരാധികളാണെന്നും കെട്ടിചമച്ച കുറ്റപത്രം തള്ളികളയണമെന്നുമായിരുന്നു പ്രതികളുടെ വാദം. നിയമസഭയിൽ കൈയാങ്കളി നടന്നതായി പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തവയാണ്. വാച്ച് ആൻറ് വാർഡൻമാരുമായി തർക്കം മാത്രമാണുണ്ടായത്. അന്ന് സംഘർഷമുണ്ടായപ്പോള്‍ ഒപ്പമുണ്ടായിരുന്ന തോമസ് ഐസക്കിനെയും സുനിൽകുമാറിനെയും കെ.സത്യനെയും പ്രതിയാക്കാതെ തങ്ങളെ മാത്രം പ്രതിയാക്കി. ജനപ്രതികളെ സാക്ഷികളാക്കാതെ വാച്ച് ആൻറ് വാ‍ർഡൻമാരെ മാത്രമാണ് സാക്ഷിയാക്കിയെന്നുമുള്ള പ്രതികളുടെ വാദങ്ങളെല്ലാം സിജെഎം കോടതി തള്ളി. 

ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവങ്ങളാണ് നിയമസഭയിലുണ്ടായതെന്നും വിടുതൽ ഹർജി അംഗീകരിക്കരുതെന്നും പ്രോസിക്യൂഷനും വാദിച്ചിരുന്നു. 22ന് പ്രതികള്‍ നേരിട്ട ഹാജരായി കുറ്റപത്രം വായിച്ചു കേട്ടാൽ വിചാരണ നടപടികളിലേക്ക് കോടതി കടക്കും. സിജെഎം കോടതി വിധിക്കെതിരെ അപ്പീൽ നൽകുമോയെന്ന കാര്യത്തിൽ ഇടതുനേതാക്കാള്‍ പ്രതികരിച്ചിട്ടില്ല. 2015 മാർച്ച് 13 ന് നിയമസഭയിലുണ്ടായ കൈയാങ്കളിക്കിടെ രണ്ടു ലക്ഷത്തി 20000 രൂപയുടെ  നഷ്ടം സംഭവിച്ചുവെന്നാണ് കേസ്. കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം തള്ളിയ സുപ്രീംകോടതി വിചാരണ നേരിടാൻ പ്രതികളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.


 

Follow Us:
Download App:
  • android
  • ios