പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ ദ്യശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് ഒഴിവാക്കി  സഭ ടിവി. മാധ്യമങ്ങള്‍ക്ക് അസാധാരണ നിയന്ത്രണം 

തിരുവനന്തപുരം.: നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ദിനം തന്നെ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കിയ സ്പീക്കര്‍ നടപടികള്‍ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ സഭ ചേര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചു തകര്‍ത്തത് പോലീസിന്‍റെ അറിവോടെയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.. സ്പീക്കരുടെ ഡയസിനു മുന്നില്‍ പ്ളക്കാര്‍ഡുകളുമായി അവര്‍ പ്രതിഷേധിച്ചു. കറുത്ത ഷര്‍ട്ടും കറുത്ത മാസ്കുമണിഞ്ഞാണ് യുവ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചത്. ചോദ്യത്തരവേള സ്പീക്കര്‍ ഉപേക്ഷിച്ചു

ശൂന്യവേള ആരംഭിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു.അട്യന്തരപ്രമേയം ഒഴിവാക്കി. സ്പീക്കറുടെ ഡയസിനുമുന്നില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായെത്തി. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.

നിയമസഭയില്‍ അസാധാരണ മാധ്യമവിലക്ക്

അസാധാരണ മാധ്യമവിലക്കിനാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്.രാവിലെ സഭയിലെത്തിയ മാധ്യമങ്ങൾക്ക് വലിയ തോതിലുള്ള വിലക്കാണ് ഉണ്ടായിരുന്നത്. പ്രതിപക്ഷ നേതാവിൻറെ ഓഫിസിലേക്കോ മന്ത്രിമാരുടെ ഓഫിസിലേക്കോ പോകാൻ അനുമതി നിഷേധിച്ചു. ചാനലുകൾക്ക് സ്വന്തം നിലയിൽ പ്രസ് ഗ്യാലറിയിൽ നിന്ന് ദൃശ്യങ്ങളെടുക്കാനുള്ള അനുമതിയും നിഷേധിച്ചു. പി ആർ ഡി ഔട്ട് മാത്രം നൽകി. എന്നാൽ സഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങൾ പി ആർ ഡി നൽകിയില്ല. ഭരണപക്ഷത്തെ ദൃശ്യങ്ങൾ മാത്രമാണ് പി ആർ ഡി നൽകിയത്. നിയമ സഭയിലെ മാധ്യമ വിലക്കിൽ പിന്നീട് വിശദീകരണവുമായി സ്പീക്കർ രംഗത്തെത്തി. മാധ്യമ വിലക്ക് വാച്ച് ആൻറ് വാർഡിന് സംഭവിച്ച പിശകാണെന്നാണ് സ്പീക്കറുടെ വിശദീകരണം. എന്നാല്‍ ശൂന്യവേളയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചപ്പോഴും ഭരണപക്ഷ ദൃശ്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്

നിയമസഭയിലെ (niyamasabha)പ്രതിപക്ഷ പ്രതിഷേധ ദൃശങ്ങൾ (opposition protest)ഒഴിവാക്കി ഭരണപക്ഷത്തിൻറെ മാത്രം ദൃശ്യങ്ങൾ നൽകിയ പി ആർ ഡി (prd)നടപടിയിൽ വ്യാപക പരാതി ഉയർന്നതോടെയാണ് അന്വേഷിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയത് . പിന്നാലെ സ്പുീക്കറുടെ പ്രസ് സെക്രട്ടറി മീഡിയ റൂമിലെത്തി കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. എന്നാൽ പിന്നീടും മാധ്യമങ്ങളെ ദൃശ്യങ്ങൾ എടുക്കാൻ അനുവദിച്ചില്ല

കറുപ്പണിഞ്ഞ് യുവ എംഎൽഎമാർ, രാഹുലിന്റെ ഓഫീസാക്രമണത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ്

പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്‍റെ തുടക്കം തന്നെ പ്രതിഷേധത്തിൽ. നിയമസഭയിൽ കറുത്ത ഷർട്ടും കറുത്ത മാസ്ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ അടക്കമുള്ള നേതാക്കളാണ് കറുപ്പണിഞ്ഞെത്തിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടികളിൽ കറുത്ത മാസ്കിനും വസ്ത്രത്തിനുമുണ്ടായ 'അപ്രഖ്യാപിത വിലക്ക്' വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് യുവ എംഎൽഎമാർ കറുത്ത വസ്ത്രങ്ങൾ ധരിച്ച് സഭയിലെത്തിയത്. രാഹുൽ ഗാന്ധിയുടെ ഓഫീസാക്രമണത്തിൽ പ്ലക്കാഡുകളും ബാനറുകളുമുയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.