കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ വാദി പ്രതിയായ പോലെയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിഷേധവുമായി പ്രതിപക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ വാദി പ്രതിയായ പോലെയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വാദികളായ ഏഴ് എംഎൽഎമാർ പ്രതികളായി എന്ന് പ്രതിപക്ഷ നേതാവ് വി ഡ‍ി സതീശൻ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. ഇതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ചോദ്യോത്തര വേളക്കിടയിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. തുടർന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി.

ചോദ്യോത്തര വേള വരെ തടസ്സപ്പെടുത്തുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നതെന്ന് സച്ചിൻദേവ് എംഎൽഎ പറഞ്ഞു. സഭയിൽ മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. പിന്നാലെ പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുതളത്തിൽ ഇറങ്ങി. ഇതോടെ ചോദ്യോത്തരവേള റദ്ദ് ചെയ്തു. സബ്മിഷൻ മേശപ്പുറത്ത് വച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കാത്തത് നിരാശാ ജനകമെന്ന് സ്പീക്കർ പറഞ്ഞു. ഒൻപത് മിനിറ്റ് മാത്രമാണ് സഭ നടന്നത്. തുടർന്ന് സഭ പിരിഞ്ഞു. സഭ തിങ്കളാഴ്ച വീണ്ടും ചേരും.