ഭരണ കക്ഷി ഓഫീസിനെതിരായ അക്രമത്തിലെ പ്രതിപക്ഷ അടിയന്തരപ്രമേയം അസാധാരണ നടപടി. സര്‍ക്കാരിനെ വെട്ടിലാക്കണമെന്ന ലക്ഷ്യവുമായി പ്രതിപക്ഷം. തന്ത്രപരമായ നീക്കവുമായി മുഖ്യമന്ത്രി

 തിരുവനന്തപുരം; അസാധാരണമായ സംഭവ വികാസങ്ങള്‍ക്കാണ് കേരള നിയമസഭ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ഭരണപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ സംസ്ഥാന കമ്മററി ഓഫീസീനു നേരെയുണ്ടായ സ്ഫോടക വസ്തു ആക്രമണത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവരുന്നു. അത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. ഉച്ചക്ക് 1 മണി മുതല്‍ 2 മണിക്കൂറാണ് ചര്‍ച്ച. ഇരു പക്ഷത്തു നിന്നും മുന്‍കൂട്ടി നിശ്ചയിച്ച അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.

സര്‍ക്കാരിനെ വെട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം ഈ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്.എ കെ ജി സെന്‍ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ ശേഷം കോൺഗ്രസ് ഓഫീസുകൾ തകർത്തു എന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കും. സംഭവം നടന്ന് നാലു ദിവസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാകാത്തതില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. ആക്രമണത്തിനു പന്നില്‍ കോണ്‍ഗ്രസെന്ന ഇടതു മുന്നണികണ്‍വീനറുടെ പരമാര്‍ശം മുന്‍വിധിയോടെയെന്ന് സമര്‍ത്ഥിക്കും. അതേ സമയം രാഹുല്‍ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ് എഫ് ഐക്കാരല്ലെന്ന പോലീസ് റിപ്പോര്‍ട്ട് ഉയര്‍ത്തി സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കും

എകെജി സെന്‍റര്‍ ആക്രമണം: പ്രതിയെക്കുറിച്ച് നാലാം ദിവസവും സൂചനയില്ല,മൊബൈൽ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം

എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിയെക്കുറിച്ച് നാലാം ദിവസവും സൂചനയൊന്നുമില്ലാതെ പൊലീസ്. മറ്റ് വിവരങ്ങളിലേക്ക് എത്താൻ കഴിയാത്തതിനാൽ സിസിടിവി ദൃശ്യങ്ങളിൽ കണ്ട ചുവന്ന സ്കൂട്ടറുകാരനെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാൾക്ക് പങ്കുണ്ടെന്ന വിവരം ഇതുവരെയില്ലെങ്കിലും ഏതെങ്കിലും സൂചനകൾ നൽകാൻ കഴിയുമോയെന്നാണ് പൊലീസ് ശ്രമിക്കുന്നത്. എകെജി സെന്‍റര്‍ പരിസരത്തെ മൊബൈൽ ടവറുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ചില കമ്പനികൾ ഒഴികെ മറ്റുള്ള മൊബൈൽ ഫോൺ സേവനദാതാക്കൾ ടവർ ലൊക്കേഷൻ വിവരങ്ങൾ നൽകിയിട്ടുണ്ട്.

കോട്ടയം ഡിസിസി ഓഫിസ് ആക്രമണം, അറസ്റ്റ് വൈകുന്നു, പ്രതികള്‍ക്ക് പൊലീസ് സംരക്ഷണമെന്ന് കോണ്‍ഗ്രസ്

എകെജി സെന്‍റര്‍ സ്ഫോടന കേസില്‍ പ്രതിയെ തിരിച്ചറിയാനുളള തെളിവ് കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുന്ന പൊലീസ് കോട്ടയം ഡിസിസി ഓഫിസ് ആക്രമണ കേസില്‍ വ്യക്തമായ തെളിവുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നു. സിപിഎംകാരായ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. എന്നാല്‍ ഡിസിസി ഓഫിസിനുണ്ടായ നാശനഷ്ടത്തിന്‍റെ കണക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കിട്ടാത്തതാണ് നടപടികള്‍ വൈകാന്‍ കാരണമെന്നാണ് പൊലീസ് വിശദീകരണം.

എകെജി സെന്‍ററിന് മുന്നില്‍ സ്ഫോടനം നടന്ന് മണിക്കൂറുകള്‍ക്കകമാണ് കോട്ടയം ഡിസിസി ഓഫിസിന് ആക്രമണം നടന്നത്. നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ പൊലീസിന്‍റെ കണ്‍മുന്നില്‍ വച്ചാണ് ഡിസിസി ഓഫിസിനു നേരെ കല്ലും തീപ്പന്തവും എറിഞ്ഞത്. സംഘത്തിലുണ്ടായിരുന്നവരെയെല്ലാം പൊലീസ് തിരിച്ചറിയുകയും ഇവര്‍ക്കെതിരെ സ്വകാര്യമുതല്‍ നശീകരണത്തിന് കേസെടുക്കുകയും ചെയ്തു. എന്നിട്ടും ഇവരുടെ അറസ്റ്റ് വൈകുന്നത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെയുളളവരെ മര്‍ദിച്ച കേസില്‍ പൊലീസ് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടവര്‍ തന്നെയാണ് ഡിസിസി ഓഫിസ് ആക്രമിച്ചതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.