തിരുവനന്തപുരം: ശാസ്താംകോട്ട ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ കൊമ്പനായ നീലകണ്ഠന് കോട്ടൂര്‍ പരിപാലന കേന്ദ്രത്തിൽ ഇനി നീന്തല്‍ ചികിത്സ. കാലില്‍ ഗുരുതര പരിക്കേറ്റ ആനയ്ക്ക് 'ഹൈഡ്രോ തെറാപ്പി' ചികിത്സ നല്‍കുമെന്ന് അസിസ്റ്റന്‍റ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ദയാമോന്‍ ഡി മാത്യു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. നെയ്യാര്‍ ഡാമിനോട് ചേര്‍ന്ന ജലസംഭരണിയില്‍ നീന്തിപ്പിച്ചാണ് നീലകണ്ഠന് 'ഹൈഡ്രോ തെറാപ്പി' ചികിത്സ നല്‍കുക. നീന്തുമ്പോള്‍ ശരീര ഭാരം തോന്നാത്തതിനാല്‍ മസിലുകളെല്ലാം ശക്തിപ്പെടുമെന്നും ആനയെ  ഇങ്ങനെ പൂര്‍ണ്ണ ആരോഗ്യവാനാക്കാമെന്നാണ് പ്രതീക്ഷയെന്നും ദയാമോന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. 

''നീലകണ്ഠന്‍റെ മുന്‍വശത്തെ രണ്ട് കാലുകളില്‍ നിറയെ വ്രണങ്ങളാണ്. ഇടതു കാല്‍പാദം മടക്കാനാവാത്ത അവസ്ഥയിലാണ് ആന ഇപ്പോഴുള്ളത്. മുറിവുകളെല്ലാം ചികിത്സിച്ച് ഭേദമായാല്‍ മാത്രമേ നീലകണ്ഠന് തെറാപ്പി ചികിത്സയിലേക്ക് കടക്കാന്‍ കഴിയൂ. അതിന് മുമ്പ്, ഒഴുകുന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിനായി ഇപ്പോള്‍ ആനയെ ജലാശയത്തില്‍ ഇറക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ആനയെ കൂടുതല്‍ ആഴമുള്ള സ്ഥലത്ത് ഇറക്കി ചികിത്സ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നുമാസത്തെ ചികിത്സയിലൂടെ കാലുകളിലെ വ്രണവും പാദത്തിലെ ദ്വാരവുമൊക്കെ ഭേദമാകുമെന്നാണ് പ്രതീക്ഷ.''  - ദയാമോന്‍  ഡി മാത്യു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

2003ലാണ് നീലകണ്ഠനെ ശാസ്താംകോട്ട ശ്രീധര്‍മ ശാസ്ത ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. നിരവധി ഉത്സവങ്ങളിലെ ആകര്‍ഷണമായ നീലകണ്ഠന്‍റെ മുന്‍വശത്തെ ഇടതുകാലിനുണ്ടായ ക്ഷതവും മുടന്തുമാണ് ദുരിതജീവിതത്തിന് കാരണമായത്. കാലുകള്‍ മടക്കാന്‍ പോലും കഴിയാതെ, ഭാഗികമായി ചലനശേഷി നഷ്ടപ്പെട്ട നീലകണ്ഠന്‍ കഴിഞ്ഞ നാല് വര്‍ഷത്തോളമായി ദുരിതക്കയത്തിലായിരുന്നു. പരുക്കേറ്റിട്ടും കൃത്യമായ ചികിത്സ നല്‍കാതെ ചങ്ങലക്കിട്ടതാണ് ആനയുടെ ആരോഗ്യനില വഷളാക്കിയത്. 26 വയസുള്ള നീലകണ്ഠന്‍റെ ദുരിതം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ട് വന്നത്. 

വാര്‍ത്ത പുറത്തുവന്നതോടെ ആനപ്രേമികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഉത്തര്‍പ്രദേശിലെ മധുരയിലുളള ആനപരിപാലന കേന്ദ്രത്തില്‍ കൊണ്ടുപോയി നീലകണ്ഠനെ ചികിത്സിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍, അവശനിലയിലായ ആനയെ 2500 കിലോമീറ്റര്‍ അകലെ എത്തിക്കുന്നത് ശരിയാകില്ലെന്ന് കോടതി നിലപാടെടുത്തു. തുടര്‍ന്നാണ്, ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള ആനയെ ചികിത്സയ്ക്ക് എല്ലാ സൗകര്യങ്ങളുമുളള കോട്ടൂരിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം രണ്ട് ദിവസം മുമ്പാണ് ആനയെ കോട്ടൂരിലേക്ക് മാറ്റിയത്. ചങ്ങലയുടെ ബന്ധനമില്ലാതെ പാപ്പാന്‍ മനീഷിന്‍റെ സംരക്ഷണത്തിലാണ് നീലകണ്ഠനിപ്പോള്‍. ആദ്യ ഘട്ടമായി ഇവിടെ മൂന്ന് മാസം ചികിത്സ നല്‍കും. ഇതിന് ശേഷം അടുത്ത നടപടി തീരുമാനിക്കും.