Asianet News MalayalamAsianet News Malayalam

സിൽവർ ലൈനിന് അനുമതിയില്ല, സർവേ നടത്താൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിന്: കേന്ദ്രം

കെ - റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനിയാണ്. റെയിൽവെക്ക് ഈ സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാറില്ല

Assistant solicitor general says no permission for silver line in Kerala High court
Author
Kochi, First Published Jul 25, 2022, 10:42 PM IST

കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിനെ തള്ളി വീണ്ടും കേന്ദ്ര സർക്കാർ. കേരള ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പദ്ധതിക്കെതിരായ കേന്ദ്ര സർക്കാർ നിലപാട് വിശദീകരിച്ചത്.

സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സർവ്വേക്ക് കെ റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിനു മാത്രമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സിൽവർ ലൈൻ പദ്ധതിക്കായി സാമൂഹികാഘാതപഠനവും  സർവ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയിൽവേക്ക് വേണ്ടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

കെ - റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനിയാണ്. റെയിൽവെക്ക് ഈ സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാറില്ല. സിൽവർ ലൈനിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചാൽ അതിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ സാധ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര അനുമതി ലഭിക്കാത്ത പദ്ധതിക്കായി സാമൂഹിക ആഘാത പഠനവും സർവ്വേയും നടത്തുന്നത് അപക്വമാണെന്നും റെയിൽവേക്ക് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ വ്യക്തമാക്കിയിട്ടുണ്ട്.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുളള ഭൂമി ഏറ്റെടുക്കൽ ചോദ്യം ചെയ്തുളള ഹർജികളാണ് കേരള ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജികൾ പരിഗണിക്കുന്നത്.  സിൽവർ ലൈനിന് വേണ്ടി സാമൂഹികാഘാത പഠനം നടത്തുന്നതിനായി സർവേ നടത്തുന്നതിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നിട്ടും സംസ്ഥാന സർക്കാർ സർവേ തുടരുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി റിപ്പോർട്ട് നൽകാൻ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios