തിരുവനന്തപുരം: വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കേരള സര്‍വ്വകലാശാലയിലെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ സൈക്കോളജി വിഭാഗം അസി.പ്രൊഫസര്‍ ജോണ്‍സണെയാണ് സസ്പെന്‍ഡ് ചെയ്തത്. ജോണ്‍സണ്‍ മോശമായി പെരുമാറുന്നവെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. 

പരാതിയില്‍ അന്വേഷണം നടത്തിയ സിന്‍ഡിക്കേറ്റ് കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സര്‍വ്വകലാശാലയുടെ നടപടി. സൈക്കോളജി വിഭാഗത്തിലെ ഒന്നാം വ‌ർഷ എംഎസ്.സി വിദ്യാർത്ഥികളാണ് വൈസ് ചാൻസലർക്ക് പരാതി നൽകിയത്. എന്നാൽ ആരോപണങ്ങൾ തള്ളിയ ഡോ.ജോൺസൺ വിരമിച്ച അധ്യാപകനാണ് പരാതിക്ക് പിന്നിലെന്ന് ആരോപിച്ചിരുന്നു. ഇൻ്റേണൽ മാർക്ക് കുറച്ചെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണം നിഷേധിച്ച അധ്യാപകന്‍ ഇതുവരെ ഇന്‍റേണല്‍ മാര്‍ക്ക് നിശ്ചയിച്ചിട്ടില്ലെന്നും കുട്ടികളുടെ ആശങ്ക അടിസ്ഥാനരഹിതമാണെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.