Asianet News MalayalamAsianet News Malayalam

ഓണം വരവായെന്ന് വിളിച്ചു പറഞ്ഞ് അവരെത്തി, അത്തച്ചമയക്കാർ.. ആഘോഷനിറവിൽ തൃപ്പൂണിത്തുറ

മയിൽ നൃത്തവും കാവടിയും അമ്മൻകുടവുമെല്ലാം കാണികളുടെ മനം കവർന്നു. ജല്ലിക്കെട്ടും നവോത്ഥാനവും പ്രളയത്തിന്റെ അതിജീവനവുമെല്ലാം പറയുന്ന ഫ്ളോട്ടുകളും ശ്രദ്ധനേടി. 

athachamayam inaugurated in tripunithura
Author
Thripunithura, First Published Sep 2, 2019, 1:16 PM IST

തൃപ്പൂണിത്തുറ: മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന് തുടക്കം കുറിച്ചുകൊണ്ട് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ആരംഭിച്ചു.  നാടൻ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അണിനിരന്നുകൊണ്ടുള്ള വർണ്ണാഭമായ ഘോഷയാത്രയാണ് തൃപ്പൂണിത്തുറയിൽ അറങ്ങേറുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അത്തച്ചമയ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. 

രാജ പ്രതിനിധികളുടെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയ അത്ത പതാക രാജനഗരിയായ തൃപ്പൂണിത്തുറയിലെ അത്തം നഗറിൽ ഉയർന്നതോടെ സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കമായി. മാവേലിയും പുലികളിയും നെറ്റിപ്പട്ടം ചാർത്തിയ ഗജവീരൻമാരുമെല്ലാം അണിനിരന്ന വർണ്ണാഭമായ ഘോഷയാത്ര നഗരവീഥി കീഴടക്കി.

തെയ്യവും, കഥകളിയുമുൾപ്പെടെ കേരളത്തിന്റെ തനത് കലാരൂപങ്ങൾ രാജനഗരിയിൽ നിറഞ്ഞു. മയിൽ നൃത്തവും കാവടിയും അമ്മൻകുടവുമെല്ലാം കാണികളുടെ മനം കവർന്നു. ജല്ലിക്കെട്ടും നവോത്ഥാനവും പ്രളയത്തിന്റെ അതിജീവനവുമെല്ലാം പറയുന്ന ഫ്ളോട്ടുകളും ശ്രദ്ധനേടി. 

മഴ കുറച്ചുസമയത്തേക്ക് വില്ലനായി എത്തിയെങ്കിലും ആഘോഷങ്ങൾക്കായുള്ള ആവേശം ഒട്ടും ചോരാതെ തന്നെ കലാകാരന്മാരും കാണികളും മുന്നോട്ട് പോയി. തിരിച്ച് മൂന്ന് മണിയോടെ ഘോഷയാത്ര അത്തം ന​ഗറിൽ എത്തിച്ചേരും. ഇനിയുള്ള ദിവസങ്ങളിൽ വളരെയധികം വർണാഭമായ ആഘോഷ പരിപാടികളാണ് ന​ഗരസഭ ഒരുക്കിയിരിക്കുന്നത്. 

പ്രളയം മൂലം കഴിഞ്ഞ വർഷം ആഘോഷങ്ങൾ റദ്ദാക്കിയിരുന്നു. ഇത്തവണ പ്രൗഢി 
നില നിർത്തിക്കൊണ്ടുതന്നെ ചെലവ് ചുരുക്കി ചടങ്ങുകൾ നടത്തുകയയാണ് നഗരസഭ. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി പ്ളാസ്റ്റിക് കുപ്പികൾക്കും ഫ്ളെക്സുകൾക്കും ഘോഷയാത്രയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയൊരുക്കുന്നതിനായി 400 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios