ആലുവ: നൂറ്റാണ്ട് കണ്ട മഹാപ്രളയത്തില്‍ കേരളം വിറങ്ങലിച്ചു നിന്ന നിമിഷങ്ങളിലൊന്നിലാണ് സാജിതയ്ക്ക് പ്രസവവേദന തുടങ്ങിയത്. നാലുപാടും വെള്ളംകയറിയ അവസ്ഥയില്‍ നിന്ന് എങ്ങനെ ആശുപത്രി വരെ എത്തുമെന്ന് അറിയാത്ത അവസ്ഥയില്‍ എങ്ങനെയൊ നേരം വെളുപ്പിച്ചു. രാവിലെ ഒമ്പതുമണിയോടെ രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ ഹെലികോപ്ടര്‍ എത്തി. "രാത്രിയാണ് എനിക്ക് പെയിന്‍ തുടങ്ങിയത്. പിന്നെ വാട്ടര്‍ബാഗും ബ്രേക്ക് ആയി. 17ന് രാവിലെ ഒമ്പതുമണിയോടെയാണ് അവര് വന്നത്. കണ്ടീഷന്‍ കുറച്ച് മോഷമായതുകൊണ്ട് പെട്ടന്ന് ഹോസ്പിറ്റലില്‍ എത്തിക്കണമെന്ന് പറഞ്ഞു. നമ്മുടെ കാര്യം മാത്രം നോക്കിയാല്‍ പോരല്ലോ, വയറ്റില്‍ ഒരു കുഞ്ഞു ജീവനും കൂടിയില്ലേ. അതിനെ സംരക്ഷിക്കേണ്ടേ? അങ്ങനെയൊരു ധൈര്യം കിട്ടി."

ആ ധൈര്യത്തിനും രക്ഷാപ്രവര്‍ത്തകരുടെ സാഹസികതയ്ക്കും സേന നല്‍കിയ പേരായിരുന്നു ഗോഡ്സ് ഓൺ കൺട്രി ഓപ്പറേഷൻ ഏയ്ഞ്ചൽ. ആ പേരിനൊപ്പം ചേര്‍ത്തുവയ്ക്കാന്‍ ഇന്ന് സാജിതയ്ക്ക് കുഞ്ഞു സുബ്ഹാന്‍റെ പുഞ്ചിരിയുണ്ട്. മഹാപ്രളയത്തിന്‍റെ നടുക്കുന്ന ഓര്‍മ്മകള്‍ക്കൊപ്പം, കേരളത്തെ വിസ്മയിപ്പിച്ച ആ രക്ഷാപ്രവർത്തനത്തിനും അങ്ങനെ ഒരു വയസ്സ് തികയുകയാണ്. പൂര്‍ണഗര്‍ഭിണിയായ ആലുവ ചെങ്ങമനാട് സ്വദേശി സാജിത ജബിലിനെ  അന്ന് എയര്‍ലിഫ്റ്റ് ചെയ്താണ് സേന രക്ഷപ്പെടുത്തിയത്. 

സാജിതയെ വടം ഉപയോഗിച്ച് ഹെലികോപ്ടറിലേക്ക് വലിച്ചു കയറ്റുമ്പോള്‍ രണ്ട് ജീവനുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു ഹെലികോപ്ടറിലുള്ളവരും താഴെയുള്ളവരും. നാവികസേനയിലെ മലയാളി കമാന്‍ഡര്‍ വിജയ് ശര്‍മ്മ അതേക്കുറിച്ച് പറഞ്ഞതിങ്ങനെ. "നിരവധി തടസ്സങ്ങള്‍ കടന്നാണ് അവരെ കണ്ടെത്താനായത് തന്നെ. എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള സ്ഥലസൗകര്യം പോലും പരിമിതമായിരുന്നു. എങ്ങനെയോ ഒരു ചെറിയ സ്ഥലം കണ്ടെത്തി എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു, രണ്ട് ജീവന്‍റെ കാര്യമല്ലേ...!"
അന്ന് കൊച്ചി സൈനിക ആശുപത്രിയിലാണ് സാജിദ സുബ്ഹാന് ജന്മം നല്കിയത്.

സാജിതയുടെ തികഞ്ഞ മനസംയമനവും സേനയുടെ ആത്മധൈര്യവും ഒരുപോലെ കൈകോര്‍ത്തപ്പോഴാണ് ആ വിസ്മയകരമായ രക്ഷപ്പെടല്‍ സംഭവിച്ചത്. ഇന്ന് കുഞ്ഞിച്ചുവടുകളാല്‍ പിച്ചവച്ച് സുബ്ഹാന്‍ പുഞ്ചിരിക്കുമ്പോള്‍ സാജിദയും ജബീലും ജീവിതം തിരിച്ചുകിട്ടിയ ആ നിര്‍ണായകമായ 30 മിനിറ്റിനെക്കുറിച്ച് വാചാലരാവുന്നു. "അന്ന് ഒരുപാട് പേര് സഹായിച്ചു. ആരുടെയും പേര് പോലും അറിയില്ല. സഹായിക്കാന്‍ മനസ്സുകാണിച്ച അവരെയൊക്കെ പോലെ എല്ലാവരെയും സഹായിക്കുന്ന ഒരാളായി സുബ്ഹാനും വളരണമെന്നാണ് ആഗ്രഹം."