തിരുവല്ല: പ്രളയം അതിരൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലൊന്നായിരുന്നു പാണ്ടനാട് പഞ്ചായത്ത്. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്‍റെ  നിലവിളിച്ചു കൊണ്ടുള്ള സഹായ അഭ്യർത്ഥനയിലൂടെയാണ് അവിടെ പ്രളയം എത്രമാത്രം രൂക്ഷമാണെന്ന് കേരളത്തിന്  മനസ്സിലായത്.  അന്ന് പാണ്ടനാട് ആദ്യമെത്തിയ വാർത്താസംഘം ഏഷ്യാനെറ്റ് ന്യൂസായിരുന്നു. ഒരു വർഷത്തിനിപ്പുറം  വീണ്ടും പാണ്ടനാട്ടേക്ക് വാര്‍ത്താസംഘം എത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് ദുരന്തത്തെ മനസാന്നിധ്യത്തിലൂടെ അതിജീവിച്ച ഒരു ജനതയെയാണ്.

ദുരന്തത്തെ അതീജിവിച്ച കഥ പറയുമ്പോള്‍ പാണ്ടനൂരിലെ ജനങ്ങള്‍ക്ക് അന്നത്തെ അവസ്ഥയില്‍ അനുഭവിച്ച വിഷമം ഓര്‍ക്കാതിരിക്കാന്‍ ആവുന്നില്ല.  പ്രളയത്തില്‍ തകര്‍ന്ന വീടുകളില്‍ പലതും ഇപ്പോഴും അപകടാവസ്ഥയില്‍ തന്നെയാണുള്ളത്. അങ്ങനെയൊരു വീട്ടില്‍ കിടന്നുറങ്ങേണ്ടി വരുന്നതിന്‍റെ ആശങ്കയാണ് പൂപ്പരത്തി കോളനി നിവാസിയായ ദേവകി പങ്കുവച്ചത്.  

പരാതികളും ആക്ഷേപങ്ങളും ഇല്ലെന്ന് പൂര്‍ണമായും പറയാനാവില്ലെങ്കിലും തന്നാലാവും വിധം സഹായങ്ങള്‍ ജനങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു.