മൂവാറ്റുപുഴ: പ്രളയദുരിതബാധിതർക്കായി പ്രേക്ഷക സഹകരണത്തോടെ ഏഷ്യാനെറ്റ് ന്യൂസ് നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മൂവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിലാണ് . കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി സംസ്ഥാന സർക്കാർ സഹകരണത്തോടെയാണ് വീടുകളുടെ നിർമാണം ഏഷ്യാനെറ്റ് ന്യൂസ് പൂർത്തിയാക്കിയത്. പ്രളയബാധിതരെ സഹായിക്കാൻ ശമ്പളത്തിന്‍റെ ഒരു ഭാഗം നീക്കിവച്ച ജീവനക്കാരും ലാഭവിഹിതം നൽകുന്നതിനൊപ്പം 11 കുടുംബങ്ങൾക്ക് വീട് വച്ച് നൽകിയ ഏഷ്യാനെറ്റ് ന്യൂസും സാമൂഹ്യപ്രതിബദ്ധതയുടെ അടയാളങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഉദ്ഘാടനപ്രസംഗത്തിൽ കേന്ദ്രസർക്കാരിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. വിദേശരാജ്യങ്ങൾ വരെ കേരളത്തെ സഹായിക്കാൻ സന്നദ്ധരായി മുന്നോട്ടുവന്നതാണ്. സംസ്ഥാനത്തെ മന്ത്രിമാർ വിദേശത്തേക്ക് യാത്ര നടത്തി സഹായം സമാഹരിക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഈ അവസരങ്ങളെല്ലാം അടച്ചു കളയുന്ന സമീപനമായിരുന്നു കേന്ദ്രസർക്കാരിന്‍റേത്. കേരളത്തിന് അർഹമായ സഹായങ്ങളെല്ലാം കേന്ദ്രസർക്കാർ നിഷേധിക്കുകയായിരുന്നു - മുഖ്യമന്ത്രി പറഞ്ഞു.

2018ലെ പ്രളയം തകർ‍ത്തെറിഞ്ഞ കേരളത്തിന് അതിജീവനത്തിനൊരു കൈത്താങ്ങുമായിട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് മുന്നിട്ടിറങ്ങിയത്. ലോകമെമ്പാടുമുള്ള ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരുടെ സഹകരണത്തോടെയാണ് വീടുകളുടെ നിർമാണം പൂ‍ർത്തിയാക്കിയത്. മൂവാറ്റുപുഴ താലൂക്കിലെ ആരക്കുഴയിലും കോതമംഗലം താലൂക്കിലെ കടവൂരിലുമാണ് വീടുകള്‍ നിർമിച്ചത്. സ്വന്തമായി വീടും ഭൂമിയുമില്ലാത്തവരെ ഉദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതിക്കായി സംസ്ഥാന സർക്കാരാണ് ഭൂമി നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ചെയർമാൻ കെ മാധവൻ അധ്യക്ഷനായ ചടങ്ങിൽ, ഡീൻ കുര്യാക്കോസ് എം പി, എംഎൽഎ മാരായ എൽദോ എബ്രഹാം, ആന്‍റണി ജോൺ , തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ എ‍ഡിറ്റർ എം ജി രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു. അതിജീവനത്തിന് കൈത്താങ്ങായി ഏഷ്യാനെറ്റ് ന്യൂസിനൊപ്പം ചേർന്ന എല്ലാ പ്രിയ പ്രേക്ഷകർക്കും ചടങ്ങിലേക്ക് സഹർഷം സ്വാഗതം.

പരിപാടിയുടെ തത്സമയസംപ്രേഷണം കാണാം:

ക്ലസ്റ്റർ രീതിയിൽ നിർ‍മിച്ചിരിക്കുന്ന വീടുകളിൽ പൊതു ഇടങ്ങൾക്കായി കൂടുതൽ സ്ഥലം നീക്കിവെച്ചിട്ടുണ്ട്. കുടിവെളളത്തിനായി കുഴൽ കിണറുകളും ഓരോ വീടുകൾക്കും പ്രത്യേകം വാട്ടർ ടാങ്കുകളും അടക്കം വിപുലമായ ജല വിതരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ മുൻനിര പാർപ്പിട നിർമാണ കമ്പനിയായ എംഫാര്‍ ഗ്രൂപ്പാണ് വീടുകളുടെ ഡിസൈനും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. 

പ്രേക്ഷകരിൽനിന്ന് സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ഒരു കോടി 46 ലക്ഷം രൂപയ്ക്കു പുറമേ ഒരു കോടി രൂപ കൂടി ചടങ്ങിൽ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറി.