തിരുവനന്തപുരം:  യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനയുടെ വീടാക്രമിച്ചത് മകൻ തന്നെയെന്ന് കണ്ടെത്തൽ. മകൻ ലിഖിൽ കൃഷ്ണയെ പൂന്തുറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. എതിരാളികൾ ആക്രമണം നടത്തിയെന്ന് മനപൂർവ്വം പുകമറ സൃഷ്ടിക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പൊലീസ് വ്യക്തമാക്കി.

വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെയായിരുന്നു ലീനയുടെ വീടിന് നേരെയുളള ആക്രമണം. ഈ സംഭവം ഉയർത്തിക്കാട്ടി സിപിഎമ്മിനെ രാഷ്ട്രീയമായി ആക്രമിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത വഴിത്തിരിവ്. ബുധനാഴ്ച പുലർച്ചെയായിരുന്നു ലീനയുടെ മുട്ടത്തറയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. കല്ലേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സംഭവത്തിന് ശേഷം ലീന ആരോപിച്ചിരുന്നു.

സംഭവത്തിന് ശേഷം സിപിഎം പാർട്ടി ഓഫീസിന്‍റെ വശത്തേക്ക് ഒരാൾ ഓടിപ്പോകുന്നത് കണ്ടു എന്നും ലീന വ്യക്തമാക്കിയിരുന്നു. മകന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്തതിലൂടെയാണ് ലിഖിലിന്‍റെ പങ്ക് കണ്ടെത്തിയത്. തുടർന്ന് ചോദ്യം ചെയ്യലിൽ ലിഖിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ജനലിന് തൊട്ടടുത്ത് നിന്നാണ് കല്ലുകൾ എറി‍ഞ്ഞതെന്ന് പൊലീസിന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതേ തുടർന്ന് പരിചയമുളളവരിലേക്ക് അന്വേഷണം നീണ്ടത്.

കലാപമുണ്ടാക്കൽ, വീട് നശിപ്പിക്കൽ, കയ്യേറ്റം എന്നീ കുറ്റങ്ങൾക്കായിരുന്നു സംഭവത്തിൽ പൊലീസ് കേസെടുത്തത്. മകന്‍റെ പങ്ക് തെളിഞ്ഞതോടെ ലീന പരാതിയിൽ നിന്ന് പിൻവാങ്ങി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. എന്നാൽ പ്രതിയെ വിട്ടയച്ച പൊലീസ് നടപടിക്കെതിരെ സിപിഎം നേതൃത്വം പ്രതിഷേധത്തിലാണ്. ലീനയുടെ അറിവോടെയാണോ സംഭവം എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.