ദമ്പതികളുടെ കുട്ടിയെ യുവാവിനെ കാണിക്കണമെന്ന് ഉത്തരവ് കൈമാറാൻ എത്തിയപ്പോഴായിരുന്നു കോടതി ജീവനക്കാർക്കെതിരെയുള്ള ആക്രമണം. 

കോട്ടയം: പൂഞ്ഞാറിൽ (poonjar) കോടതി ജീവനക്കാരിക്കെതിരെ കയ്യേറ്റം. വിവാഹമോചന കേസുമായി ബന്ധപ്പെട്ട ഉത്തരവ് കൈമാറാൻ എത്തിയപ്പോഴായിരുന്നു ആമേനെതിരായ ആക്രമണം. യുവതിയുടെ പിതാവും സഹോദരനുമാണ് കയ്യേറ്റം നടത്തിയത്.

തലയോലപ്പറമ്പ് സ്വദേശിയായ യുവാവും പൂഞ്ഞാർ സ്വദേശിനിയും തമ്മിലുള്ള വിവാഹമോചന കേസ് പാലാ കുടുംബ കോടതിയിലാണ്. ദമ്പതികളുടെ കുട്ടിയെ യുവാവിനെ കാണിക്കണമെന്ന് ഉത്തരവ് കൈമാറാൻ എത്തിയപ്പോഴായിരുന്നു കോടതി ജീവനക്കാർക്കെതിരെയുള്ള ആക്രമണം. കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഉത്തരവ് കൈപ്പറ്റാത്തതുകൊണ്ടാണ് ആമേൻ റിൻസി നേരിട്ട് യുവതിയുടെ വീട്ടിലെത്തിയത്. യുവാവിനും സഹോദരിക്കും ഒപ്പമാണ് കോടതി ജീവനക്കാരി എത്തിയത്. ആമേൻ യുവാവിന്റെ ആളെന്ന് പറഞ്ഞായിരുന്നു പിതാവ് ജെയിംസിന്റേയും സഹോദരൻ നിഹാലിന്റേയും കയ്യേറ്റം. ജെയിംസ് കല്ലുകൊണ്ട് യുവതിയെ ആക്രമിക്കാനും ശ്രമിച്ചു. കൈ പിടിച്ചു തിരിക്കുകയും ചെയ്തു. 

വിവാഹമോചന കേസിൽ കക്ഷിയായ പൂഞ്ഞാർ സ്വദേശിനിയായ യുവതി ജർമനിയിൽ നഴ്സാണ്. യുവതി വീട്ടിൽ ഇല്ലാത്തതുകൊണ്ടാണ് ഉത്തരവ് കൈപ്പറ്റാത്തത് എന്നാണ് വീട്ടുകാരുടെ വിശദീകരണം. എന്നാൽ യുവതിയും കുട്ടിയും നാട്ടിൽ ഉണ്ടെന്നാണ് യുവാവ് പറയുന്നത്. അതേസമയം സംഭവത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഫോണിൽ അറിയിച്ചത് അല്ലാതെ നേരിട്ട് പരാതി നൽകിയിട്ടില്ലെന്ന് ഈരാറ്റുപേട്ട പോലീസ് അറിയിച്ചു. 

YouTube video player