ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി പൊലീസ്. ഹൈക്കോടതിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. അന്വേഷണം ശരിയായ ദിശയിൽ നടക്കുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇഡി പരിശോധനയെക്കുറിച്ച് മുൻകൂർ അറിയിപ്പ് കിട്ടിയിരുന്നില്ലെന്ന് കോടതിയെ അറിയിച്ച പൊലീസ്, സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചില്ലെന്നും ഇന്റലിജൻസ് വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആക്രമണം ചുരുങ്ങിയ സമയത്തിനുള്ളിൽ നിയന്ത്രണവിധേയമാക്കി. 25 പേരെ അറസ്റ്റ് ചെയ്ത് അതിവേഗത്തിൽ നടപടിയെടുത്തു. അന്തിമ റിപ്പോർട്ട് വേഗത്തിൽ കോടതിക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു. ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. അതേസമയം, കേസില്‍ 10 പ്രതികളുടെ ജാമ്യ ഹർജി പരിഗണിച്ച പ്രിസിപ്പൽ സെഷൻസ് കോടതിയിൽ ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പരിഗണിക്കണമെന്ന് കാണിച്ച് പൊലീസിന്റെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹർജി സമർപ്പിച്ചു.

പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ മെയ് 27-നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. മാസപ്പടി കേസിലെ ഇ.ഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങിയ വാഹനങ്ങൾ വളഞ്ഞ സി.പി.എം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ (കുരവടികൾ) എന്നിവ ഉപയോഗിച്ച് കാറുകൾ ആക്രമിക്കുകയായിരുന്നു.