കോട്ടയം: മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ വീണ്ടും അതിക്രമം. കോട്ടയത്ത് മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരെ കയ്യേറ്റം ചെയ്തു. കോട്ടയം മെയിൻ ബ്രാഞ്ചിൽ ജോലി കഴിഞ്ഞിറങ്ങിയവരെ സിഐടിയു തൊഴിലാളികളാണ് കയ്യേറ്റം ചെയ്തതെന്നാണ് പരാതി. സംസ്ഥാനത്ത് ഇന്ന് മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ അതിക്രമമാണ് കോട്ടയത്തേത്.നേരത്തെ കൊച്ചിയിലും ഇടുക്കിയിലും സമാനമായ സംഭവം ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

എറണാകുളത്തെ മുത്തൂറ്റ് ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാരെ കടവന്ത്ര മെട്രോ സ്‌റ്റേഷന് സമീപത്ത് വെച്ചാണ് ആക്രമിച്ചത്. ഓഫീസിലെ റീജണൽ മാനേജർ വിനോദ് കുമാർ, അസിസ്റ്റന്റ് മാനേജർ ധന്യ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ജോലിക്കെത്തിയ ഇവരെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും ആക്രമിച്ചത് സിഐടിയു പ്രവർത്തകരാണെന്നും ജീവനക്കാർ പൊലീസിൽ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.  

"

ഇടുക്കി കട്ടപ്പനയിലെ മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ച് മാനേജരുടെ ദേഹത്ത് സിഐടിയു പ്രവർത്തകർ മീൻ വെള്ളമൊഴിക്കുകയായിരുന്നു. കട്ടപ്പന ബ്രാഞ്ചിലെ വനിതാ മാനേജരുടെ ദേഹത്ത്  മീൻ കഴുകിയ വെള്ളം ഒഴിച്ചെന്നാണ് പരാതി. ഓഫീസ് തുറക്കാൻ എത്തിയപ്പോഴാണ് അക്രമം നടന്നത്.  ഓഫീസ് തുറക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആക്രോശിച്ചാണ്, സമരക്കാരായ എട്ട് സിഐടിയു പ്രവർത്തകര്‍ അതിക്രമം നടത്തിയതെന്ന് മാനേജർ കട്ടപ്പന പൊലീസിൽ പരാതി നൽകി. 

മാനേജ്‍മെന്‍റിനെതിരെ സമരം ചെയ്ത 164 തൊഴിലാളികളെ പിരിച്ചുവിടുകയും 43 ബ്രാഞ്ചുകൾ അടച്ചുപൂട്ടുകയും ചെയ്തതിനെ തുടർന്നാണ്  സിഐടിയു അനുകൂല സംഘടന മുത്തൂറ്റിൽ സമരം തുടങ്ങിയത്.  പിരിച്ച് വിട്ട  തൊഴിലാളികളേയും തിരിച്ചെടുക്കാൻ മുത്തൂറ്റ് മാനേജ്‍മെന്‍റ് തയ്യറായിട്ടില്ല.  സമരം അക്രമത്തിലേക്ക് നീങ്ങിയതോടെയാണ് ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ച് ഒത്ത് തീർപ്പ് ചർച്ചകൾക്ക് നിർദ്ദേശിച്ചത്. ആക്രമണങ്ങളിൽ പങ്കില്ലെന്നാണ്   സിഐടിയു പറയുന്നത്.  കള്ളക്കേസുണ്ടാക്കി സമരം ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആക്രമണങ്ങൾ എന്നാണ്  സിഐടിയു ആരോപണം.