കൊച്ചി: മുത്തൂറ്റ് ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാരെ ആക്രമിച്ചതായി പരാതി. എറണാകുളത്തെ ഓഫീസിലെ റീജണൽ മാനേജർ വിനോദ് കുമാർ, അസിസ്റ്റന്റ് മാനേജർ ധന്യ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കടവന്ത്ര മെട്രോ സ്‌റ്റേഷന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ജോലിക്കെത്തിയ ഇവരെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും ആക്രമിച്ചത് സിഐടിയു പ്രവർത്തകരാണെന്നും  ജീവനക്കാർ പൊലീസിൽ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. 

നേരത്തെ ഇടുക്കി കട്ടപ്പന മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ച് മാനേജരുടെ ദേഹത്ത് സിഐടിയു പ്രവർത്തകർ മീൻ വെള്ളമൊഴിച്ചിരുന്നു. കട്ടപ്പന ബ്രാഞ്ചിലെ വനിതാ മാനേജരുടെ ദേഹത്ത്  മീൻ കഴുകിയ വെള്ളം ഒഴിച്ചെന്നാണ് പരാതി. ഓഫീസ് തുറക്കാൻ എത്തിയപ്പോഴാണ് അക്രമം നടന്നത്.  ഓഫീസ് തുറക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആക്രോശിച്ചാണ്, സമരക്കാരായ എട്ട് സിഐടിയു പ്രവർത്തകര്‍ അതിക്രമം നടത്തിയതെന്ന് മാനേജർ കട്ടപ്പന പൊലീസിൽ പരാതി നൽകി.