പരാതിയില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്ന് ഹരിപ്പാട് സിഐ പറഞ്ഞു.
ആലപ്പുഴ: ഹരിപ്പാട് എസ്എഫ്ഐ വനിതാ നേതാവിനെതിരെയുള്ള അക്രമത്തിൽ കേസെടുക്കാതെ പൊലീസ്. പരാതിയില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്ന് ഹരിപ്പാട് സിഐ പറഞ്ഞു. വനിതാ എസ് ഐ ആശുപത്രിയിൽ എത്തി പെൺകുട്ടിയെ കണ്ടിരുന്നു. കേസിന് താൽപ്പര്യമില്ലെന്നാണ് ചിന്നു പറഞ്ഞതെന്ന് സിഐ. അതേ സമയം പൊലീസ് നിലപാട് ശരിയല്ലെന്നാണ് നിയമ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. കൊഗ്നിസിബിൾ ഒഫൻസ് ശ്രദ്ധയിൽ പെട്ടാൽ പരാതി ഇല്ലെങ്കിലും കേസെടുക്കാൻ പൊലീസിന് ബാധ്യതയുണ്ട്. സിആർപിസിയിലും പൊലീസ് നിയമത്തിലും ഇത് പറയുന്നുണ്ട്. അതേ സമയം, നിയമനടപടിക്ക് പോകേണ്ടത് പെൺകുട്ടിയെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. മാത്രമല്ല, പരാതി കിട്ടിയപ്പോൾ തന്നെ അമ്പാടി ഉണ്ണിയെ സസ്പെൻഡ് ചെയ്തിരുന്നുവെന്നും നേതൃത്വം വിശദീകരണം നൽകി.
കഴിഞ്ഞ ദിവസമാണ് എസ് എഫ് ഐ ഏരിയ പ്രസിഡന്‍റായ വിദ്യാർത്ഥിനിക്ക് നേരെ ഹരിപ്പാട് ഡി വൈ എഫ് ഐ ബ്ലോക്ക് ഭാരവാഹി അമ്പാടി ഉണ്ണി ക്രൂരമായ ആക്രമണം നടത്തിയത്. ബൈക്കിടിച്ച് വീഴ്ത്തിയതിന് ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 'താനും ചിന്നുവും ബൈക്കിൽ വരുമ്പോൾ തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. ചിന്നുവിന് അപസ്മാരം വന്നപ്പോൾ ഉപേക്ഷിച്ച് അമ്പാടി കണ്ണനും സംഘവും കടന്നുകളഞ്ഞു, വിഷ്ണുവെന്ന എസ്എഫ്ഐ പ്രവർത്തകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ആദ്യം സുഹൃത്തുക്കൾ, പിന്നെ അകന്നു; എസ്എഫ്ഐ വനിതാ നേതാവിനെ മർദ്ദിച്ചത് വിവാഹം മുടക്കിയതിന്
അമ്പാടി ഉണ്ണിയുടെ വിവാഹ ആലോചന മുടക്കാൻ ശ്രമിച്ചതിന്റെ പ്രതികാരമായായിരുന്നു ആക്രമണമെന്നാണ് വിവരം. ചിന്നുവും സുഹൃത്ത് വിഷ്ണുവും അമ്പാടി ഉണ്ണിയുടെ സ്വഭാവ ദൂഷ്യത്തെ കുറിച്ച് പെൺവീട്ടുകാരെ അറിയിച്ചിരുന്നു. ഇവർ പെൺകുട്ടിയുടെ വീട്ടിലെത്തി. അവിടെ നിന്ന് മടങ്ങിവരും വഴിയാണ് അമ്പാടി ഉണ്ണി, ചിന്നുവിനെ ബൈക്കിടിച്ച് വീഴ്ത്തി മർദ്ദിച്ചത്. ചിന്നുവും അമ്പാടിയും തമ്മിൽ അടുത്ത സൗഹൃദം ഉണ്ടായിരുന്നു.
വനിതാ നേതാവിനെ മര്‍ദിച്ച ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി, തുടർ നടപടികൾ നാളെ തീരുമാനിക്കും
എന്നാൽ പിന്നീട് വ്യക്തി ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ ഇരുവരും അകലാൻ കാരണമായി. ഇത് സംബന്ധിച്ച് ചിന്നു നേരത്തെ ഡിവൈഎഫ്ഐയ്ക്കും സി പി എം ജില്ലാ കമ്മിറ്റിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഡിവൈഎഫ്ഐ അന്വേഷണ കമീഷൻ അന്വേഷണം നടത്തി വരികയാണ്. ചിന്നുവിനെ മർദ്ദിച്ച സംഭവത്തിൽ അമ്പാടി ഉണ്ണിയെ ഡിവൈഎഫ്ഐ പുറത്താക്കി. തുടർ നടപടികൾ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃയോഗത്തിൽ തീരുമാനിക്കും.

