ഇത്തരം കുടുംബങ്ങൾക്ക് സർക്കാർ പദ്ധതികളിലൂടെ തന്നെ ധനസഹായം ലഭിക്കാനുള്ള അവസരമുണ്ട്. ഇവർക്ക് ലഭ്യമാക്കാൻ കഴിയുന്ന സർക്കാർ ആനുകൂല്യങ്ങളുടെ വിവരങ്ങൾ തിരുവനന്തപുരം ജില്ല കളക്ടർ അറിയിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി.

തിരുവനന്തപുരം: തിരുവന്തപുരത്ത് ബാർട്ടൻ ഹില്ലിൽ ഓട്ടിസം ബാധിച്ച മകളുമായുള്ള അമ്മയുടെ ദുരിത ജീവിതം തുറന്ന് കാട്ടിയ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ ഇടപെട്ട് ഹൈക്കോടതി. ഒറ്റമുറിയിൽ കഴിയുന്ന അമ്മ ജയയുടെയും മകളുടെയും ജീവിത അവസ്ഥയിൽ ഹൈക്കോടതി ആശങ്ക അറിയിച്ചു. ഇവർക്ക് വീട് വെച്ച് നൽകുന്നതിലും മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിലും അടിയന്തര റിപ്പോർട്ട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇവരുടെ ദുരിതത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടലിനാണ് കോടതി നിർദ്ദേശം നൽകിയത്.

സാമൂഹ്യനീതി വകുപ്പ് ജില്ല ഓഫീസർ ഉടൻ ആശവർക്കർക്കൊപ്പം ഇവരുടെ വീട്ടിലെത്തി റിപ്പോർട്ട് തയ്യാറാക്കണം. ഇത്തരം കുടുംബങ്ങൾക്ക് സർക്കാർ പദ്ധതികളിലൂടെ തന്നെ ധനസഹായം ലഭിക്കാനുള്ള അവസരമുണ്ട്. ഇവർക്ക് ലഭ്യമാക്കാൻ കഴിയുന്ന സർക്കാർ ആനുകൂല്യങ്ങളുടെ വിവരങ്ങൾ തിരുവനന്തപുരം ജില്ല കളക്ടർ അറിയിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി. അമ്മയുടെയും മകളുടെയും സുരക്ഷയിൽ പൊലീസ് മേൽനോട്ടം ഉണ്ടാകണമെന്നും കോടതി പറഞ്ഞു. സ്വമേധയാ എടുത്ത കേസ് വരുന്ന 24 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.