ആലപ്പുഴ: ആലപ്പുഴ വയലാറിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ വീടിനുനേരെ കല്ലേറ്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വയലാര്‍ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറാനായി ആംബുലൻസ് കാത്തിരിക്കുന്നതിനിടെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്.

ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്ന് ചേർത്തല പൊലീസ് വ്യക്തമാക്കി. വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നുവെന്നും പ്രതികളെ പിടികൂടാൻ ശ്രമം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. നേരത്തെ പലയിടങ്ങളിലും കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ പോലും ആക്രമിക്കുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. തിരുവനന്തപുരത്ത് സാമൂഹ്യവ്യാപനമുണ്ടായ പൂന്തുറയിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി.