ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ഐപി ബിനു അടക്കമുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ്. ജാമ്യവ്യവസ്ഥ ലംഘിച്ച് സ്റ്റേഷന് മുന്നിൽ ഓണാഘോഷം തുടർന്നാണ് നടപടി. ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിൽ തിരുവനന്തപുരം കോടതി സെപ്തംബർ 15 ന് വാദം കേൾക്കും
തിരുവനന്തപുരം: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയിൽ കോടതി സെപ്റ്റംബർ 15 ന് വാദം പരിഗണിക്കും. പ്രതിഭാഗത്തിന് അപേക്ഷയുടെ പകർപ്പ് നൽകി കൂടാതെ പൊലീസും അന്ന് റിപ്പോർട്ട് സമർപ്പിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) യാണ് കേസ് പരിഗണിക്കുന്നത്. സി പി എം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കേസിലെ 16 -ാം പ്രതിയുമായ ഐ പി ബിനു, ഒന്നാം പ്രതി നിഥിൻ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യവ്യവസ്ഥകൾ പ്രതികൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടി. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതികൾ, തുടർന്ന് അവിടെ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്.
ജാമ്യവ്യവസ്ഥ ലംഘിച്ചു
സ്റ്റേഷനിലെ ഊഞ്ഞാലാട്ടത്തിലും ചെണ്ടമേളത്തിലും പ്രതികൾ പങ്കാളികളായതോടെയാണ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി കാണിച്ച് പൊലീസ് തന്നെ കോടതിയിൽ അപേക്ഷ നൽകിയത്. എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ മുന്നൂറോളം വരുന്ന സംഘം തടഞ്ഞുവെച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ചു എന്നാണ് കേസ്.
