സമസ്തയ്ക്കെതിരെ സിപിഎം നേതാവ് കെ കെ ശൈലജ രംഗത്ത്. സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയ്ക്കെതിരെ വിമർശനം. സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് കെ കെ ശൈലജ പറഞ്ഞു.
കണ്ണൂർ: സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവ് കെ കെ ശൈലജ. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡൽ ആചാരക്രമമാണ്. സമസ്തയുടെ അഭിപ്രായപ്രകടനം ശരിയല്ലെന്നും കെ കെ ശൈലജ വിമർശിച്ചു.
ഇന്ന് കേരളത്തിൽ മുസ്ലീം സ്തീകൾ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിൻ്റെ വിവിധ തുറകളിൽ വിന്യസിക്കപ്പെട്ടവരുമാണ് അവരിൽ എംഎൽഎമാരും മുനിസിപ്പൽ ചെയർപെഴ്സൺമാരും പഞ്ചായത്ത് പ്രസിഡൻ്റുമാരും മറ്റ് ജനപ്രതിനിധികളുമുണ്ടെന്ന് കെ കെ ശൈലജ പറഞ്ഞു. ജഡ്‌ജിമാരും വക്കീലന്മാരും ഡോക്ടർമാരും അധ്യാപകരും ടെക്‌നോ ക്രാറ്റുകളും തൊഴിലാളികളുമുണ്ട്. അവർ പൊതു സ്ഥലങ്ങളിൽ ഒത്തുചേരുകയും മീറ്റിങ്ങുകളിൽ വേദി പങ്കെടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ലെന്നും ശൈലജ ചൂണ്ടിക്കാട്ടി.
സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡൽ ആചാരക്രമമാണ്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയിൽ നിന്ന് ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

അന്യപുരുഷന്മാർക്കിടയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിൻ്റെ സർക്കുലറാണ് വിവാദമായത്. മതാഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുത്, പരിപാടികൾ ഇസ്ലാമിക മാനദണ്ഡം വെച്ചായിരിക്കണം, നിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്നുമായിരുന്നു മഹല്ലുകൾക്ക് നൽകിയ സർക്കുലറിലെ നിർദേശം.


