പാര്‍ട്ടിയുമായി ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരനെതിരെ അമ്പലപ്പുഴ എംഎൽഎ എച്ച് സലാം. എല്ലാം മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്നും അതിന്‍റെ ഒന്നാം രംഗം മാത്രമാണിതെന്നും ഇനി രണ്ട് രംഗങ്ങള്‍ കൂടി വരാനുണ്ടെന്നും എച്ച് സലാം എംഎൽഎ തുറന്നടിച്ചു

ആലപ്പുഴ: പാര്‍ട്ടിയുമായി ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരനെതിരെ അമ്പലപ്പുഴ എംഎൽഎ എച്ച് സലാം. എല്ലാം മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്നും അതിന്‍റെ ഒന്നാം രംഗം മാത്രമാണിതെന്നും ഇനി രണ്ട് രംഗങ്ങള്‍ കൂടി വരാനുണ്ടെന്നും എച്ച് സലാം എംഎൽഎ തുറന്നടിച്ചു. അമ്പലപ്പുഴയിൽ സിപിഎം സ്ഥാനാര്‍ത്ഥിയായി എച്ച് സലാമിനെ തന്നെയാണ് വീണ്ടും പരിഗണിക്കുന്നത്. അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത് ഇപ്പോ പൊട്ടിപ്പുറപ്പെട്ട ഒരു കാര്യമല്ലെന്നും വളരെ ആസൂത്രണം ചെയ്തിട്ടുള്ള കാര്യമാണെന്നും എച്ച് സലാം പറഞ്ഞു. ഇനി വരാനുള്ള രണ്ട് രംഗങ്ങളിലൊന്ന് യുഡിഎഫിന്‍റേതാണ്. മൂന്നാം രംഗം ബിജെപിയുടേതും. അത് രണ്ടും കൂടി കഴിഞ്ഞാൽ മാത്രമാണ് ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനാകുക. മുൻകൂട്ടി തീരുമാനിച്ചതാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകും.

 ജി സുധാകരൻ കൂടി അധ്വാനിച്ചുണ്ടാക്കിയ പാര്‍ട്ടിയാണ് സിപിഎം. ദീര്‍ഘനാള്‍ ആര്‍ക്കും ലഭിക്കാത്ത പരിഗണന ലഭിച്ചയാളാണ് സുധാകരൻ. ആരാധ്യനായ വിഎസ് പോലും ഇത്രയും തവണ മത്സരിച്ചിട്ടുണ്ടാകില്ല. ഗുരുതുല്യനായ ഒരാള്‍ പാര്‍ട്ടിയെ ചതിച്ച് ഈ നിലപാടിലേക്ക് എത്തിയാൽ അത്തരക്കാരെ നേരിടേണ്ടത് എങ്ങനെയാണെന്ന് ജി സുധാകരൻ തന്നെ പഠിപ്പിച്ചിട്ടുണ്ട്. ജനങ്ങളെ അണിനിരത്തി നേരിട്ടുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ട് പോയിട്ടുള്ളത്. ഇക്കാര്യത്തിലും ഈ നിലപാട് തന്നെ തുടരും. ജി സുധാകരൻ പാര്‍ട്ടി വിട്ടത് നേരത്തെ എടുത്ത തീരുമാനമാണ്.അമ്പലപ്പുഴയെക്കുറിച്ച് ഒരു മാസത്തോളമായി ചര്‍ച്ച നടക്കുന്നുണ്ട്. അതിന്‍റെ ഏറ്റവും ഒടുവിലായാണ് ഇത്തരമൊരു തീരുമാനം വന്നത്. നിരവധി സ്ഥാനമാനങ്ങള്‍ നേടിയ ആളാണ് സുധാകരൻ. 

അമ്പലപ്പുഴയിൽ ആര് സ്ഥാനാര്‍ത്ഥിയായാലും പാര്‍ട്ടി അണികള്‍ പാര്‍ട്ടിക്കൊപ്പമായിരിക്കും.15 ആളുകള്‍ പോലും അമ്പലപ്പുഴയിൽ പാര്‍ട്ടി വിട്ടുപോകില്ല. കഴിഞ്ഞ തവണ അമ്പലപ്പുഴയിൽ സ്ഥാനാര്‍ത്ഥിയായത് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടല്ല. പുതിയ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തന്നെ മത്സരിപ്പിച്ചത്. 33 സീറ്റുകളിലാണ് അത്തരത്തിൽ പുതിയ ആളുകള്‍ മത്സരിച്ചത് അതിൽ 32 ലും എൽഡിഎഫ് ജയിച്ചിരുന്നുവെന്നും എച്ച് സലാം എംൽഎൽഎ പറഞ്ഞു.

YouTube video player