കടിയേറ്റ നബീസ (67), നീലി (78) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപ് ചാലിശ്ശേരി മുക്കൂട്ട ഭാഗങ്ങളിൽ 25 ആളുകൾക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. നിലവിൽ തൃത്താല മേഖലയിലെ വിവിധ മേഖലകളിൽ ചെറുതും വലുതുമായ തെരുവ് നായ ആക്രമണങ്ങളും വർദ്ധിക്കുകയാണ്.
ചാലിശ്ശേരി: ചാലിശ്ശേരി മുക്കൂട്ടയിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വ്യാഴാഴ്ച ഉച്ചയോടെ രണ്ട് വീട്ടമ്മമാർക്കും ഒരു ബൈക്ക് യാത്രികനുമാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കടിയേറ്റ നബീസ (67), നീലി (78) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപ് ചാലിശ്ശേരി മുക്കൂട്ട ഭാഗങ്ങളിൽ 25 ആളുകൾക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. നിലവിൽ തൃത്താല മേഖലയിലെ വിവിധ മേഖലകളിൽ ചെറുതും വലുതുമായ തെരുവ് നായ ആക്രമണങ്ങളും വർദ്ധിക്കുകയാണ്.
തിരുവനന്തപുരത്ത് നാല് വയസുകാരിയെ കടിച്ചത് പേപ്പട്ടി: പേവിഷബാധ സ്ഥിരീകരിച്ചു
അതേസമയം, തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നായയുടെ ശരീര ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടി ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവു നായ ആക്രമിച്ചു. കഴുത്തിലും കണ്ണിലും ചുണ്ടിലും കടിയേറ്റ് ഗുരുതര പരിക്കോടെയാണ് കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സ തുടരുന്നതിനിടെയാണ് കടിച്ച നായക്ക് പേവിഷ ബാധയുണ്ടെന്ന സ്ഥിരീകരണം വരുന്നത്. സംഭവത്തിന് ശേഷം പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞു നടന്ന നായ മണിക്കൂറുകൾക്കകം ചത്ത് പോയിരുന്നു.
പരിശോധനക്ക് വിധേയമാക്കാതെ കുഴിച്ച് മൂടിയത് നാട്ടുകാരുടെ എതിര്‍പ്പിനും ഇടയാക്കി. തുടർന്ന് തിങ്കളാഴ്ച രാവിലെ അഞ്ചുതെങ്ങ് ഗവൺമെന്റ് വെറ്ററിനറി സർജ്ജന്റെ നേതൃത്വത്തിൽ നായയുടെ ശരീര സാമ്പിളുകൾ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയപ്പോഴാണ് പേ വിഷ ബാധ ഉണ്ടെന്ന് ഉറപ്പിക്കുന്നത്. കുട്ടിയെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചവർ ഉൾപ്പെടെ കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ പത്തോളം പേർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. കണ്ണിന് പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയിരുന്നു. വാക്സീനും സീറവും ശേഷം പ്ലാസ്റ്റിക് സർജറിയും അടക്കം ചികിത്സാ നടപടികളുമായി ആശുപത്രി അധികൃതര്‍ മുന്നോട്ട് പോകുകയാണ്.
