Asianet News MalayalamAsianet News Malayalam

സന്തോഷമെന്ന് മധുവിന്റെ അമ്മ, കൂറുമാറ്റത്തിന് പിന്നിലെ കാരണം ബോധ്യപ്പെടുത്താനായെന്ന് പ്രോസിക്യൂട്ടർ

അപൂർവങ്ങളിൽ അപൂർവമായി മാത്രമേ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള തീരുമാനം കോടതിയിൽ നിന്ന് ഉണ്ടാകാറുള്ളൂ എന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ 

Attappadi Madhu murder case, Madhus mother and Special Public Prosecutor welcomes court order
Author
Palakkad, First Published Aug 20, 2022, 12:27 PM IST

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിധിയിൽ ആശ്വാസമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലി. വിധിയിൽ സന്തോഷമുണ്ട്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മല്ലി പ്രതികരിച്ചു. ദൈവത്തെ വിശ്വസിക്കുന്നു. ഇന്നും അന്നും...മധുവിന്റെ അമ്മ പ്രതികരിച്ചു. സാക്ഷികൾ തുടർച്ചയായി കൂറു മാറുമ്പോൾ നെഞ്ചിൽ തീയായിരുന്നുവെന്നും മല്ലി പറഞ്ഞു. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് മധുവിന്റെ സഹോദരി സരസു പ്രതികരിച്ചു. ഇനി കൂറുമാറ്റം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സരസു വ്യക്തമാക്കി.

അപൂർവങ്ങളിൽ അപൂർവമായി മാത്രമേ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള തീരുമാനം കോടതിയിൽ നിന്ന് ഉണ്ടാകാറുള്ളൂ എന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ പ്രതികരിച്ചു. കേസിലെ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താനായി. 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. അത് കോടതി അംഗീകരിച്ചു. സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്നതിന് പിന്നിലുള്ള കാരണം കോടതിയെ ബോധ്യപ്പെടുത്താനായി എന്നും അഡ്വ. രാജേഷ് എം.മേനോൻ പ്രതികരിച്ചു. 

 അട്ടപ്പാടി മധു കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി, സാക്ഷികളെ സ്വാധീനിച്ചെന്ന വാദം അംഗീകരിച്ച് കോടതി

അട്ടപ്പാടി മധു കൊലക്കേസിലെ 12 പ്രതികളുടെ ജാമ്യമാണ് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി റദ്ദാക്കിയത്. ഹൈക്കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, നാലാം പ്രതി അനീഷ്, അ‍ഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പതിനൊന്നാം പ്രതി അബ്ദുൾ കരീം, പന്ത്രണ്ടാം പ്രതി സജീവ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. അതേസമയം ഒന്നാം പ്രതി ഹുസൈൻ, എട്ടാം പ്രതി ഉബൈദ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദിഖ്, പതിനഞ്ചാം പ്രതി ബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios