അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി വർധിപ്പിച്ചതിൽ മധുവിൻ്റെ കുടുംബം സന്തോഷം പ്രകടിപ്പിച്ചു. എന്നാൽ, കേസിലെ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്നും അമ്മ മല്ലിയും സഹോദരി സരസുവും വ്യക്തമാക്കി
കൊച്ചി: അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിച്ച ഹൈക്കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും വിധിയിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി. ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ അമ്മയും സഹോദരിയും, കേസിലെ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിടുമെന്ന് കരുതിയില്ലെന്നും കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ അപ്പീൽ നൽകുമെന്നും മധുവിന്‍റെ കുടുംബം വ്യക്തമാക്കി. മണ്ണാർക്കാട് വിചാരണ കോടതി പ്രതികൾക്ക് വിധിച്ച ഏഴ് വർഷം തടവുശിക്ഷയാണ് ഇന്ന് ഹൈക്കോടതി ജീവപര്യന്തമായി വർധിപ്പിച്ചത്. 12 പ്രതികൾക്കാണ് ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം
രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ശംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി കുരിക്കൾ സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, 12ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു എന്നിവരുടെ ശിക്ഷയാണ് വർധിപ്പിച്ചത്.16-ാം പ്രതിയുടെ ശിക്ഷ ഒരു വർഷമാക്കി ദീർഘിപ്പിച്ചു. വിചാരണക്കോടതി ഇയാൾക്ക് മൂന്ന് മാസമായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി വിധിച്ചിട്ടുണ്ട്.
