പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി ഉൾവനത്തിൽ മാവോയിസ്റ്റുകൾ വെടിയേറ്റ് കൊല്ലപ്പെട്ട സ്ഥലത്ത് മരങ്ങളിൽ വെടിയേറ്റ പാടുകളില്ലെന്ന് വിവരം. സ്ഥലത്ത് എത്തിയ വികെ ശ്രീകണ്ഠൻ എംപിക്കും മാധ്യമ സംഘത്തിനും ഇവിടെ നിന്ന് കാര്യമായൊന്നും കണ്ടെത്താനായില്ല. മാവോയിസ്റ്റുകൾ ടെന്റടിച്ച് ക്യാംപ് ചെയ്തെന്ന് കരുതുന്ന സ്ഥലം പൊലീസിപ്പോൾ വളച്ചുകെട്ടി വച്ചിരിക്കുകയാണ്.

കബനി ദളത്തിലെ പ്രമുഖ നേതാവ് മണിവാസകം അടക്കമുള്ള നാല് പേർക്കാണ് ഇവിടെ വച്ച് വെടിയേറ്റത്. ചെങ്കുത്തായ പ്രദേശത്താണ് മാവോയിസ്റ്റുകൾ തമ്പടിച്ചുവെന്ന് പറയപ്പെടുന്നത്. താഴെ നിന്നും തണ്ടർബോൾട്ട് സംഘം കയറിവരുമ്പോൾ മാവോയിസ്റ്റുകൾ വെടിയുതിർത്തുവെന്നാണ് പൊലീസ് പറയുന്നത്. പ്രത്യാക്രമണത്തിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടുവെന്നാണ് ഇവർ വിശദീകരിച്ചത്.

എന്നാൽ ഈ പ്രദേശം മുളങ്കാടുകളും മരങ്ങളും നിറഞ്ഞതാണ്. മണിക്കൂറുകളോളം വെടിവയ്പ്പുണ്ടായിരുന്നെങ്കിൽ ഈ പ്രദേശം ഇങ്ങിനെയായിരിക്കില്ലെന്നാണ് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിച്ചത്. ഈ പ്രദേശത്ത് കുപ്പികളും അരിയും ധാന്യങ്ങളുമാണ് അവശേഷിച്ചിരിക്കുന്നത്. അതേസമയം മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം ഈ പ്രദേശം സ്റ്റെറിലൈസ് ചെയ്തുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.