Asianet News MalayalamAsianet News Malayalam

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇൻക്വസ്റ്റ് നാളെ

  • പട്രോളിംഗിനിറങ്ങിയ നിലമ്പൂരിൽ നിന്നുള്ള തണ്ടർ ബോ‌ള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിവെച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്
  • കർണാകട സ്വദേശി സുരേഷ്. തമിഴ്നാട് സ്വദേശികളായ രമ, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്
Attappadi maoist encounter police procedure scheduled tomorrow
Author
Attappadi, First Published Oct 28, 2019, 8:23 PM IST

പാലക്കാട്: അട്ടപ്പാടിയിൽ തണ്ടർബോള്‍ട്ട് സംഘം വെടിവച്ചുകൊന്ന മാവോയിസ്റ്റുകളുടെ ഇൻക്വസ്റ്റ് നടപടികൾ നാളെ രാവിലെ ഒൻപത് മണിക്ക് നടക്കും. അട്ടപ്പാടി മേലെ മഞ്ചികണ്ടി ഉള്‍വനത്തിലുണ്ടായ വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. കർണാകട സ്വദേശി സുരേഷ്. തമിഴ്നാട് സ്വദേശികളായ രമ, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിവാസകം എന്ന മാവോയിസ്റ്റിനും മറ്റൊൾക്കും വെടിയേറ്റതായാണ് വിവരം. ഇവർക്കായി ഉൾക്കാട്ടിൽ തെരച്ചിൽ തുടരുന്നുണ്ട്.

പട്രോളിംഗിനിറങ്ങിയ നിലമ്പൂരിൽ നിന്നുള്ള തണ്ടർ ബോ‌ള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിവെച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്. തിരിച്ചുള്ള ആക്രമണത്തില്‍ മൂന്നുപേർ മരിച്ചെന്നാണ് പൊലീസ് അറിയിച്ചത്. തണ്ടർബോള്‍ട്ട് അസി. കമാന്റന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവച്ചത്. സ്ഥലത്തുനിന്നും മാവോയിസ്റ്റുകളുടെ തോക്കുകൾ ലഭിച്ചിട്ടുണ്ട്.

പാലക്കാട് എസ്‌പി ടി വിക്രം, ആന്‍റി മാവോയിസ്റ്റ് സ്ക്വാഡ് കമാന്റന്റ് ചൈത്ര തേരേസ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്. പൊലീസുകാർക്ക് പരിക്കുപറ്റിയതായി വിവരമില്ല. 

വെടിവെപ്പിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദവും മുറുകിയിരിക്കുകയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ ആരോപിച്ചു. ഏറ്റുമുട്ടലാണോ വെടിവെയ്പാണോ എന്ന് വ്യക്തമായി അറിയില്ലെന്നായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്‍റെ പ്രതികരണം. 

മാവോയിസ്റ്റ് ആയതുകൊണ്ട് വെടിവച്ച് കൊല്ലണോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, കേരളത്തിൽ വ്യാജ ഏറ്റുമുട്ടലുകൾ വർധിക്കുന്നുവെന്നും കുറ്റപ്പെടുത്തി. രണ്ടുവർഷം മുമ്പ് നിലമ്പൂരിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വലിയ വിവാദമായിരുന്നു. ഏഴുമാസം മുമ്പ് വൈത്തിരിയിൽ ഉണ്ടായ വെടിവെപ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios