Asianet News MalayalamAsianet News Malayalam

പ്രതികളുടെ മൊബൈൽ പൊതിഞ്ഞത് എന്തിന്? ലാപ്ടോപ് തിരികെ നല്‍കിയ കോടതി; മധുക്കേസ് വിസ്താരത്തിലെ പുതിയ പാഠങ്ങള്‍

ഇന്നത്തെ വിസ്താരത്തിനിടെയുണ്ടായ ഒരു സംഭവം കുറിക്കാം. 97-ാം സാക്ഷിയും സൈബർ സെല്‍ ഉദ്യോഗസ്ഥനുമായ വി. വിനുവിനെ വിസ്തരിക്കുമ്പോഴായിരുന്നു പുതിയ പാഠം.

attappady madhu case trial court incidents
Author
First Published Oct 12, 2022, 10:03 PM IST

മധുകൊലക്കേസ് സാക്ഷി വിസ്താരം ഓരോ ദിവസവും പുതിയ അറിവ് കൂടി സമ്മാനിക്കുന്നുണ്ട്. കൂറുമാറ്റം, കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന സാക്ഷികൾ, കാഴ്ച പരിശോധിപ്പിക്കുന്ന കോടതി എന്നിവയിൽ ഒതുങ്ങുന്നില്ല ഒന്നും. ഇന്നത്തെ വിസ്താരത്തിനിടെയുണ്ടായ ഒരു സംഭവം കുറിക്കാം. 97-ാം സാക്ഷിയും സൈബർ സെല്‍ ഉദ്യോഗസ്ഥനുമായ വി. വിനുവിനെ വിസ്തരിക്കുമ്പോഴായിരുന്നു പുതിയ പാഠം.

പ്രതികളുടെ മൊബൈൽ പൊതിഞ്ഞത് എന്തിന് ?

എന്തിനാണ് പ്രതികളുടെ മൊബൈൽ ഫോണുകൾ പല പേപ്പറുകൾ ഉപയോഗിച്ച് പൊതിഞ്ഞതെന്ന് പ്രതിഭാഗം അഭിഭാഷകനായ അനിൽ മുഹമ്മദ് വി. വിനുവിനോട് ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ വി. വിനുവിന്‍റെ മറുപടി ഇങ്ങനെ: കസ്റ്റഡിയിലെടുത്ത ഫോണുകൾ ബ്രൌൺ പേപ്പർ കൂടാതെ അലുമിനിയം ഫോയിൽ പേപ്പർ കൂടി ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിക്കുകയായിരുന്നു.

ഫോണിൽ ഇന്‍റര്‍നെറ്റ് ആക്സസ് ഉണ്ടെങ്കിൽ  റിമോട്ട് കൺട്രോൾ വഴി ഓരാൾക്ക് ഫോൺ പ്രവർത്തിപ്പിക്കാൻ കഴിയും. അതു തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ് മൊബൈൽ പൊതിഞ്ഞ് സൂക്ഷിച്ചത്. ഇതല്ല തന്‍റെ ചോദ്യമെന്ന് പറഞ്ഞ്  അനിൽ മുഹമ്മദ് ഇടപെട്ടെങ്കിലും മറുപടി പ്രാധാന്യമർഹിക്കുന്നതിനാൽ രേഖപ്പെടുത്തുന്നു എന്ന് മണ്ണാർക്കാട് എസ് സ്ടി വിചാരണക്കോടതി ജഡ്ജി കെ എം രതീഷ് കുമാർ പറഞ്ഞു. 

മധുകേസിൽ ഫേസ്ബുക്കിനെന്ത് കാര്യം

പ്രതിഭാഗം അഭിഭാഷകനായ അഡ്വ. മൂർത്തിയുടെ ചോദ്യവും അതിനുള്ള ഉത്തരവും പുതിയ അറിവായിരുന്നു പലർക്കും.  മധുകൊല്ലപ്പെട്ടത് 2018 ഫെബ്രുവരിയിലാണ്. അതേ ദിവസം  ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട പല ദൃശ്യങ്ങളും ഫേസ് ബുക്കിൽ അപ്ലോഡ് ചെയ്യപ്പെട്ടിരുന്നു. ഇത് ശേഖരിക്കാൻ  എന്തുകൊണ്ട് വൈകി എന്നായിരുന്നു ചോദ്യം.

സൈബർ സെൽ അംഗമായ വി. വിനുവിന്‍റെ മറുപടി ഇങ്ങനെ: 2019 മെയ് 19നാണ് ദൃശ്യങ്ങൾ ഫേസ്ബുക്കിൽ നിന്ന് കിട്ടിയത്. ലോകത്താകെ അയർലന്‍ഡ് കേന്ദ്രമായി ഒരു ലോ എൻഫോഴ്സ്മെന്റ് സെന്‍റര്‍ മാത്രമാണ് ഫേസ്ബുക്കിനുള്ളത്. അവിടെ ലഭിക്കുന്ന അപേക്ഷകൾ ക്രമപ്രകാരം മാത്രമേ തീർപ്പാക്കൂ. ഇതാണ് ഫേസ്ബുക്കിലെ ദൃശ്യങ്ങൾ ശേഖരിക്കാൻ വൈകി. വി വിനുവിന്‍റെ മാത്രം വിസ്താരം പൂര്‍ത്തിയാക്കാന്‍ രണ്ട് ദിവസമാണ് എടുത്തത്. 

കോടതിക്ക് കാര്യം പിടികിട്ടി, വിനുവിന് ലാപ്ടോപും കിട്ടി

കോടതിയെ തെറ്റിദ്ധരിപ്പിച്ച സാക്ഷി സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന ഹർജി കോടതിക്ക് മുമ്പിലുണ്ട്. ആനവായൂരിലും പൊന്നിയമ്മാൾ ഗുരുകുലത്തിലേയും സുനിൽ കുമാർ ഉൾപ്പെട്ട സിസിടിവി പ്രദർശിപ്പിക്കാൻ സുനിലിന്‍റെ വക്കീൽ  ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ചുമതലക്കാരനായ വിനുവിന് നൽകി. വിനുവാകട്ടെ, ഡിജിറ്റൽ  തെളിവുകൾ അടങ്ങിയ പെൻഡ്രൈവിലെ ദൃശ്യങ്ങൾ സ്വന്തം ലാപ്ടോപിലേക്ക് പകർത്തി പ്രദർശിപ്പിച്ചു.

അത് വലിയ പുകിലായി. കോടതി ശാസിക്കുകയും  ലാപ്ടോപ്പ് പിടിച്ചെടുക്കുകയും ചെയ്തു. ഇനി മുതൽ കോടതിയുടെ ഐടി വിഭാഗത്തിൽ നിന്ന്  ആളെ എത്തിച്ച് മാത്രം ദൃശ്യങ്ങൾ പ്രദർശിപ്പിച്ചാൽ മതിയെന്ന് വിചാരണക്കോടതി നിർദേശിക്കുകയും ചെയ്തു. ഇതുവരെയുള്ളത് സെപ്റ്റംബര്‍ 30ലെ കഥയാണ്. ഇന്ന് സുനിലിന്‍റെ ഹർജി പരിഗണിക്കുന്നതിനിടെ പെൻഡ്രൈവിലെ ദൃശ്യങ്ങൾ വീണ്ടും പ്രദർശിപ്പിച്ചു. കോടതി സ്റ്റാഫ് പെൻഡ്രൈവ് കോപ്പി ചെയ്യാതെ നേരിട്ട് പ്ലേ ചെയ്യാനാണ് ശ്രമിച്ചത്. പക്ഷേ, കൃത്യമായ സമയം എടുത്ത് പ്രദർശിപ്പിക്കാൻ നോക്കുമ്പോഴൊക്കെ ലാപ്ടോപ്പിന്‍റെ വേഗം കുറഞ്ഞു.

കോടതിയുടെ സമയം ഇങ്ങനെ കളയേണ്ടി വന്നു. സമയം നഷ്ടപ്പെടുന്നു എന്ന് ജഡ്ജി പറഞ്ഞപ്പോള്‍, തക്കം പാർത്തിരുന്നു സ്പെഷ്യൽ  പ്രോസിക്യൂട്ടർ തിരിച്ചടിച്ചു. ഈ പ്രശ്നം മുന്നിൽ കണ്ടാണ് വിനു അന്ന് ദൃശ്യം കോപ്പി ചെയ്ത് വേഗം പ്രദർശിപ്പിക്കാൻ നോക്കിയത്. ഇതോടെ, ഇന്ന് കോടതി വിനുവിന്‍റെ ലാപ്ടോപ്പ് കോടതി മടക്കി നൽകി. മധുകേസിൽ സാക്ഷി വിസ്താരം തുടരുകയാണ്. നാളത്തെ വിസ്താരത്തില്‍ എന്തു സംഭവിക്കുമെന്ന് കഴിഞ്ഞാലറിയാം...

'മധുവിൻറെ മൃതദേഹം ചൂട് ഉണ്ടായിരുന്നു' മരണം സ്ഥിരീകരിച്ച ഡോക്ടറുടേതടക്കം പ്രോസിക്യൂഷന് അനുകൂലമായ മൂന്ന് മൊഴികൾ

മധു കൊലക്കേസ്: അഭിഭാഷകരുടെ തർക്കം, ആവർത്തന ചോദ്യങ്ങളിൽ പരിഭവം പറഞ്ഞ് സാക്ഷി, കോടതി നടപടികൾ ഇങ്ങനെ...

മധുവിനെക്കുറിച്ച് അഭിഭാഷകന്‍റെ ചോദ്യം, പിടിവിട്ട് കണ്ണീരണിഞ്ഞ് അമ്മ മല്ലി, ഇടപെട്ട് കോടതി; അമിത് ഷായും ചോദ്യം!

Follow Us:
Download App:
  • android
  • ios