രണ്ട് ഏരിയ കമ്മിറ്റിയംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് നടപടി. രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷനും 15 പേരെ പരസ്യമായി ശാസിക്കാനുമാണ് തീരുമാനം.

കണ്ണൂര്‍: മന്ത്രി എം വി ഗോവിന്ദന്‍റെ ഭാര്യ പി കെ ശ്യാമളയെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിൽ 17 സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. ആന്തൂരിലെ വ്യവസായി സാജന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിലാണ് ഏരിയ, ലോക്കൽ കമ്മിറ്റിയംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ നടപടിയെടുത്തത്. രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷനും 15 പേരെ പരസ്യമായി ശാസിക്കാനുമാണ് പാർട്ടി തീരുമാനം.

മന്ത്രി എംവി ഗോവിന്ദന്‍റെ ഭാര്യയും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ പി.കെ.ശ്യാമള ആന്തൂർ നഗരസഭ ചെയര്‍പേഴ്‌സണായിരിക്കെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതേ സമയം വെള്ളിക്കീലിലെ ടൂറിസ്റ്റ് കേന്ദ്രം നടത്തിപ്പുകാരും നഗരസഭയ്ക്കെതിരെ ചില പരാതികള്‍ മാധ്യമങ്ങളില്‍ ഉന്നയിച്ചു. ഈ വിഷയങ്ങളിൽ സിപിഎമ്മിന്‍റെ ആന്തൂര്‍ മേഖലയിലെ പ്രാദേശിക നേതാവ് ഫേസ്ബുക്കിൽ ശാമള ടീച്ചര്‍ക്കെതിരെ പോസ്റ്റിട്ടു. ഈ പോസ്റ്റിന് ലൈക്ക് അടിച്ചവര്‍ക്കും കമന്‍റ് ഇട്ടവര്‍ക്കുമെതിരെ തെളിവ് സഹിതം ജില്ലാ കമ്മിറ്റിക്ക് ശ്യമള പരാതി നല്‍കി. എ എൻ ഷംസീർ എംഎൽഎ ചെയർമാനായ മൂന്നംഗ കമ്മറ്റിയാണ് പരാതി അന്വേഷിച്ചത്.

അന്വേഷണം നേരത്തെ തന്നെ പൂർത്തിയായിരുന്നെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും വന്നതിനാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വൈകിപ്പിക്കുകയിരുന്നു. രണ്ട് ഏരിയ കമ്മിറ്റിയംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് ഇപ്പോൾ നടപടി വന്നത്. രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷനും 15 പേരെ പരസ്യമായി ശാസിക്കാനുമാണ് തീരുമാനിച്ചത്. ശ്യാമള ടീച്ചർ അധ്യക്ഷയായിരിക്കെ ഉപാധ്യക്ഷനായിരുന്ന ബക്കളം ലോക്കൽ കമ്മറ്റി അംഗം സാജു ഉൾപെടെ ഉള്ളവരാണ് നടപടിക്ക് വിധേയരായവർ. ജില്ലാ കമ്മിറ്റി അംഗീകരിച്ച നടപടി തളിപ്പറമ്പ ഏരിയ കമ്മിറ്റിയും അംഗീകരിച്ചതോടെ ലോക്കല്‍ കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona