അഞ്ച് മിനിറ്റിനുള്ളില്‍ 7000 മുതല്‍ 28000 രൂപ വരെ വായ്പ കിട്ടുമെന്നും ഉടന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ എന്നും പറഞ്ഞ് മാനന്തവാടി കാര്‍ഷിക സര്‍വീസ് സഹകരണ ബാങ്കിലെ ഇടപാടുകാരുടെ ഫോണിലേക്ക് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സന്ദേശമെത്തി. 

വയനാട്: മാനന്തവാടി സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ പേരിൽ മൊബൈല്‍ ആപ്പ് വഴി വായ്പാ തട്ടിപ്പിന് ശ്രമം. ഇന്‍സ്റ്റന്‍റ് ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് ചൈനീസ് ആപ്പ് വഴി നിരവധി പേര്‍ക്കാണ് സന്ദേശങ്ങള്‍ ലഭിച്ചത്. ബാങ്കിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. അഞ്ച് മിനിറ്റിനുള്ളില്‍ 7000 മുതല്‍ 28000 രൂപ വരെ വായ്പ കിട്ടുമെന്നും ഉടന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ എന്നും പറഞ്ഞ് മാനന്തവാടി കാര്‍ഷിക സര്‍വീസ് സഹകരണ ബാങ്കിലെ ഇടപാടുകാരുടെ ഫോണിലേക്ക് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സന്ദേശമെത്തുകയായിരുന്നു.

ഈ ലിങ്ക് തുറന്നവരുടെ ഫോണില്‍ ഹോം ക്യാഷ് എന്ന പേരിലുള്ള ചൈനീസ് ആപ്പ് ഇന്‍സ്റ്റാളായി. ഫോണില്‍ സൂക്ഷിച്ചിട്ടുള്ള ചിത്രങ്ങളും പാസ്വേര്‍ഡുകളും കോണ്‍ടാക്ട് നമ്പറുകളും അടക്കം ഈ ആപ്ലിക്കേഷന്‍ വഴി ചോര്‍ന്നുവെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ടെക്നിസാന്‍റ് എന്ന സൈബര്‍ സുരക്ഷാ കമ്പനി കണ്ടെത്തുകയായിരുന്നു. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി , കടക്കെണിയിലാകാന്‍ ഈ ഒറ്റ ക്ലിക്ക് തന്നെ ധാരാളമെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

പണം നഷ്ടപ്പെടുന്നതിന് മുമ്പ് തട്ടിപ്പ് തിരിച്ചറിയാനായതിന്‍റെ ആശ്വാസത്തിലാണ് മാനന്തവാടി ഫാര്‍മേഴ്സ് സഹകരണ ബാങ്ക്. ഓൺലൈൻ ലോൺ കെണിയിൽ ഉപഭോക്താക്കൾ കുടുങ്ങരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് പൊലീസും ബാങ്ക് അധികൃതരും. ചൈനീസ് സേവനദാതാവായ ആലീബാബാ ക്ലൗഡിലേക്കാണ് ഈ അപ്പിന്‍റെ ഐപി വിലാസം എത്തുന്നത്. നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകളും പുതിയ രൂപത്തില്‍ വീണ്ടും സജീവമാവുകയാണ്.

ഇഞ്ചക്കല്‍ വഹാബ് അഥവാ വിനായകൻ; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ഇഞ്ചക്കല്‍ വഹാബ് പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നാണ് പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയിൽ നിരവധി മോഷണകേസുകളാണ് വഹാബിന്റെ പേരിലുള്ളത്. ഇഞ്ചക്കൽ വഹാബ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വിനായകനാണ് പൊലീസിന്റെ പിടിയിലായത്.

ഒരു മാസം മുന്പ് അസുരംഗലത്ത് വീടിന്റെ ജനൽ പൊളിച്ചു സ്വര്‍ണവും പണവും കവര്‍ന്ന കേസിലാണ് പ്രതി അറസ്റ്റിലായത്. കൃത്യത്തിന് ശേഷം വഹാബ് തിരുവനന്തപുരത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് അഞ്ചൽ പൊലീസ് പ്രതിയെ കഴക്കൂട്ടത്ത് നിന്നും പിടികൂടിയത്. 

കഴിഞ്ഞ നവംബറിൽ ഇടയം എൽ പി സ്കൂളിന് സമീപത്തെ വീട്ടിൽ മോഷണം നടത്തിയതും വഹാബാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതിയെ കവര്‍ച്ച നടത്തിയ സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ വഹാബിനെ റിമാന്‍റ് ചെയ്തു.