കോടതിയുടെ ഓഫീസ് റൂമിന്റെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. ഓഫീസ് മുറിയുടെ വാതിൽ തകർക്കുന്ന ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരൻ സ്ഥലത്തെത്തിയപ്പോള്‍ കൈയ്യിലുണ്ടായിരുന്ന കമ്പിപ്പാര കാട്ടി ഭീഷണിമുഴക്കുകയായിരുന്നു.

തൃശൂർ: കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ മോഷണശ്രമം. സെക്യൂരിറ്റി ജീവനക്കാരനെ കമ്പിപ്പാര കാട്ടി ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞ മോഷ്ടാവിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സമീപത്തെ വീട്ടില്‍ നിന്നും ബൈക്കും നഷ്ടപ്പെട്ടിട്ടുണ്ട്.

കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പുലർച്ചെ ഒരുമണിയോടെയാണ് മോഷണശ്രമം നടന്നത്. കോടതിയുടെ ഓഫീസ് റൂമിന്റെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. ഓഫീസ് മുറിയുടെ വാതിൽ തകർക്കുന്ന ശബ്ദം കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ സ്ഥലത്തെത്തിയപ്പോള്‍ കൈയ്യിലുണ്ടായിരുന്ന കമ്പിപ്പാര കാട്ടി കള്ളന്‍ ഭീഷണിമുഴക്കി. സെക്യൂരിറ്റി പിന്നോട്ട് മാറിയതിന് പിന്നാലെ കള്ളന്‍ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ ഉടൻ നൈറ്റ് ഓഫീസർ ഗ്രേഡ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി പരിസരപ്രദേശങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിലവിൽ കോടതി ഓഫീസിൽ നിന്നും പ്രധാനപ്പെട്ട രേഖകളോ മറ്റ് സാമഗ്രികളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

കോടതി പരിസരത്തെ വീട്ടിൽ നിന്നും ഒരു ബൈക്കും മോഷണം പോയിട്ടുണ്ട്. കോടതിയിൽ എത്തിയ മോഷ്ടാവ് തന്നെയാണോ ബൈക്ക് മോഷണത്തിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുന്നംകുളം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

YouTube video player