അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുതെന്ന് വീണ്ടും മുന്നറിയിപ്പ്

കൊച്ചി: കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുതെന്ന് വീണ്ടും മുന്നറിയിപ്പ്. അടുത്ത് പോകരുതെന്നും അപ്പോൾ തന്നെ 112 വിൽ അറിയിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കണം. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. പൊതുജനങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

നിലവിലെ സ്ഥിതി

1. കപ്പൽ പൂർണ്ണമായും മുങ്ങി

2. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നൗട്ടിക്കൽ മൈൽ അകലെയാണ് മുങ്ങിയത്

3. ഏകദേശം 100ഓളം കണ്ടെയ്നറുകൾ കടലിൽ വീണിട്ടുണ്ടാകും

4. കപ്പലിലെ ഇന്ധനമായ എണ്ണയും ചോർന്നിട്ടുണ്ട് 

5. കപ്പലിലെ ജീവനക്കാരെ എല്ലാവരെയും രക്ഷിച്ചു

6. ഇവ ഏകദേശം 3 കിലോ മീറ്റർ വേഗത്തിൽ ആണ് കടലിൽ ഒഴുകി നടക്കുന്നത്

7. നിലവിൽ കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ തടയാൻ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാൻ ഉള്ള പൊടി എണ്ണ പടയ്ക്ക് മേൽ തളിക്കുന്നുണ്ട്

8. കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ആണ് ദേശീയ എണ്ണ പാട പ്രതിരോധ പദ്ധതിയുടെ അദ്ധ്യക്ഷൻ. അദ്ദേഹം നേരിട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്

9. ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരങ്ങളിൽ ആണ് കൺടെയ്നർ എത്താൻ കൂടുതൽ സാധ്യത

10. എണ്ണ പാട എവിടെ വേണമെങ്കിലും എത്താം എന്നതിനാൽ കേരള തീരം പൂർണ്ണമായും ജാഗ്രത നേർദേശം നല്കിയിട്ടുണ്ട്

നടപടി നിർദേശങ്ങൾ

1. തീരത്ത് അപൂർവ്വ വസ്തുക്കൾ, കൺടെയ്നർ എന്നിവ കണ്ടാൽ തൊടരുത്, അടുത്ത് പോകരുത്, അവയുടെ അടുത്ത് കൂട്ടം കൂടരുത്, 200 മീറ്റര് എങ്കിലും അകലെ നിൽക്കുക, 112ൽ അറിയിക്കുക എന്ന നിർദേശം എല്ലാ തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നല്കിയിട്ടുണ്ട്

2. മത്സ്യ തൊഴിലാളികൾ നിലവിൽ കടലിൽ പോകരുത് എന്ന നിർദേശം കാലാവസ്ഥാ സംബന്ധിയായി തന്നെ നല്കിയിട്ടുണ്ട്.

3. കപ്പൽ മുങ്ങിയ ഇടത് നിന്നും 20 നോട്ടിക്കൽ മൈൽ പ്രദേശത്ത് ആരും മത്സ്യ ബന്ധനത്തിന് പോകരുത്. അപൂർവ്വ വസ്തുക്കൾ, കൺടെയ്നർ എന്നിവ കണ്ടാൽ തൊടരുത്, അടുത്ത് പോകരുത് 112ൽ അറിയിക്കുക എന്ന നിർദേശം മത്സ്യ തൊഴിലാളികൾക്കും ബാധകം ആണ്.

4. കണ്ടെയ്‌നറുകൾ കരയിൽ സുരക്ഷിതമായി മാറ്റാൻ JCB, ക്രെയിനുകൾ വിനിയോഗിക്കാൻ Factories and Boilers വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്പോൺസെ ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും, വടക്കന് ജില്ലകളിൽ 1 വീതം ടീമും തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്.

5. എണ്ണ പാട തീരത്ത് എത്തിയാൽ ക്കൈകാര്യം ചെയ്യാന് പൊലൂഷൻ കണ്ട്രോൾ ബോർഡിഇന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്പോൺസെ ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും, വടക്കന് ജില്ലകളിൽ 1 വീതം ടീമും തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്.

6. ജില്ലാദുരന്ത നിവാരണ അതോറിറ്റിയും പോലീസ് മറ്റു വകുപ്പുകൾ ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നതായിരിക്കും. 

7. കപ്പലിലെ എണ്ണ കടൽ താഴെത്തട്ടിൽ പെട്ടുപോകാൻ സാധ്യതയുള്ളതിനാൽ, കോസ്റ്റ് ഗാർഡ്, നേവി, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, ഫാക്ടറീസ് & ബോയിലേഴ്സ് എന്നിവരെ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.

8. ഓയിൽ സ്പിൽ കണ്ടിജൻസി കൈകാര്യം ചെയ്യുന്നതിനായി കൂടുതൽ ബൂംസ് സ്കിമ്മെർസ് എന്നിവ മൊബിലെയ്സ് ചെയ്യാനായി കോസ്റ്റ് ഗാർഡ്, പോർട്ട് വകുപ്പ്, നേവി എന്നിവരോട് നിർദേശിച്ചിട്ടുണ്ട്.

9. കൺടെയ്നർ, എണ്ണ പാട, കടലിഇന്റെ അടിയിലേക്ക് മുങ്ങുന്ന എണ്ണ എന്നിവ കൈകാര്യം ചെയ്യുവാൻ പ്രത്യേകം നിർദേശങ്ങൾ ജില്ലകൾക്കും, വകുപ്പുകൾക്കും നല്കിയിട്ടുണ്ട്.

10. പൊതുജനങ്ങളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധന മേഖലയുടെ സംരക്ഷണം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തങ്ങൾക്കായിരിക്കും സംസ്ഥാനം മുൻഗണന നൽകുക.

അതേസമയം, കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പൽ എംഎസ്‌സി എൽസ 3 പൂർണ്ണമായും മുങ്ങിത്താഴ്ന്നു. കപ്പൽ മുങ്ങിത്തുടങ്ങിയതോടെ അൽപ്പ സമയം മുമ്പ് ക്യാപ്റ്റനെയും എൻജിനീയർമാരെയും മാറ്റിയിരുന്നു. കപ്പൽ ഉപേക്ഷിച്ച് ക്യാപ്റ്റനടക്കം മൂന്നുപേർ ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുജാതയിലാണ് രക്ഷപ്പെട്ടത്. റഷ്യൻ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീൻസ് സ്വദേശികളും യുക്രൈനിൽ നിന്നുള്ള 2 പേരും ഒരു ജോർജിയൻ സ്വദേശിയുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. 

24 ജീവനക്കാരിൽ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലിൽ തുടർന്ന ക്യാപ്റ്റനെയും രണ്ട് എൻജിനീയർമാരെയുമാണ് അവസാനം രക്ഷപ്പെടുത്തിയത്. കടലിൽ വീണ കണ്ടെയ്നറുകൾ തീരത്തടിയുകയാണെങ്കിൽ, എറണാകുളം തീരത്തോ ആലപ്പുഴ തീരത്തോ ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടേക്കാമെന്നതാണ് സാധ്യതയായി കെഎസ്ഡിഎംഎ പറയുന്നത്. സംസ്ഥാനത്തെ തീരദേശത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ അപകടകരമായ നില കാണുന്നില്ലെങ്കിലും തീരത്ത് ജാഗ്രത പാലിക്കാനാണ് നിർദേശം.