ആറ്റിങ്ങലിലും പരിസരത്തുമായി ആരാധനാലയങ്ങളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. മടവൂർ ഞാറയിൽകോണം മയിലാടും പൊയ്ക സ്വദേശി സനോജിനെയാണ് (53) ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം: ആറ്റിങ്ങലിലും പരിസരത്തുമായി ആരാധനാലയങ്ങളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. മടവൂർ ഞാറയിൽകോണം മയിലാടും പൊയ്ക സ്വദേശി സനോജിനെയാണ് (53) ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽ മാർച്ച് നാലിനും,പതിനെട്ടാം മൈൽ ഇർഷാദ് ഇസ്ലാം മസ്ജിദ് മദ്രസയിൽ കഴിഞ്ഞ തിങ്കളാഴ്ചയുമായിരുന്നു മോഷണം നടന്നത്. അമ്പലവാതിൽ പൊളിച്ച് അകത്തുകയറി ഒരു പവന്‍റെ താലി മാലയും സ്വർണപ്പൊട്ടുകളുമാണ് കവർന്നത്. പള്ളിയോട് ചേർന്നുള്ള മദ്രസയുടെ വാതിൽ തകർത്ത് ഉള്ളിൽ കയറി 15,000 രൂപയും കവർന്നു. ഇരുപതിലധികം മോഷണക്കേസുകളിൽ പ്രതിയായ സനോജിനെ പുനലൂർ പൊലീസിന്‍റെ സഹായത്തോടെ കരവാളൂർ ഭാഗത്തുനിന്നാണ് പിടികൂടിയത്.
പൊലീസിനെ കണ്ട് പുഴയിലിറങ്ങി നീന്തി കല്ലിടുക്കുകളിൽ ഒളിച്ച പ്രതിയെ സാഹസികമായാണ് അന്വേഷണസംഘം പിടികൂടിയത്. ആറ്റിങ്ങൽ പ്രദേശത്ത് ആരാധനാലയങ്ങളിലും മറ്റും മോഷണം പതിവായതോടെ ആറ്റിങ്ങൽ എസ്എച്ച്ഒ അനുരാജിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഫിംഗർ പ്രിന്‍റ് ബ്യൂറോയുടെ സഹായത്തോടെ സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങളുടെ വിവരം ശേഖരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. 20ലധികം കേസുകളിലെ പ്രതിയും,പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളും, കാപ്പാ നിയമപ്രകാരം അടുത്തിടെ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളുമാണ് സനോജെന്ന് പൊലീസ് പറയുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


