ഇല്ലാത്ത ഒരു കെട്ടിടം, കോർപറേഷനിലെ റവന്യൂ വിഭാഗവുമായി ഒത്തുകളിച്ച് വാടക നിശ്ചയിച്ച് ലേലത്തിന് വെക്കുന്നു. ലേലം കിട്ടിയ ദിവസം പാര്‍ക്കിംഗ് ഏരിയയില്‍ രണ്ട് ഷട്ടറുകള്‍ നിര്‍മിച്ച് വഴി തടസ്സപ്പെടുത്തി കടമുറി ആക്കിയെടുക്കുന്നു. ഞെട്ടിക്കുന്ന സംഭവമാണ് തിരുവനന്തപുരം കോര്‍പറേഷന്‍റെ സ്വന്തം കെട്ടിടത്തില്‍ നടന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ഇല്ലാത്ത കടമുറി ലേലം ചെയ്ത് ഉദ്യോഗസ്ഥ അഴിമതി. കോര്‍പറേഷന്‍റെ ഗോള്‍ഡന്‍ ജൂബിലി കെട്ടിടത്തിൽ ഇല്ലാത്ത കടമുറി ഉണ്ടെന്ന് വരുത്തിയാണ് ഉദ്യോഗസ്ഥര്‍ ലേലം നടത്തിയത്. ലേലം പിടിച്ചയാൾ പിന്നീട് പാർക്കിങ് ഏരിയ കെട്ടിയടച്ച് അനധികൃതമായി കടമുറി പണിയുകയും അതിന് കെട്ടിട നമ്പർ നേടിയെടുക്കുകയും ചെയ്തു.
ഇല്ലാത്ത ഒരു കെട്ടിടം, കോർപറേഷനിലെ റവന്യൂ വിഭാഗവുമായി ഒത്തുകളിച്ച് വാടക നിശ്ചയിച്ച് ലേലത്തിന് വെക്കുന്നു. ലേലം കിട്ടിയ ദിവസം പാര്‍ക്കിംഗ് ഏരിയയില്‍ രണ്ട് ഷട്ടറുകള്‍ നിര്‍മിച്ച് വഴി തടസ്സപ്പെടുത്തി കടമുറി ആക്കിയെടുക്കുന്നു. ഞെട്ടിക്കുന്ന സംഭവമാണ് തിരുവനന്തപുരം കോര്‍പറേഷന്‍റെ സ്വന്തം കെട്ടിടത്തില്‍ നടന്നത്.
നഗര മധ്യത്തിലെ കോർപ്പറേഷൻ കെട്ടിടത്തിലെ പാർക്കിംഗ് സ്ഥലം കെട്ടിയടച്ചാണ് കസവുമാളിക എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. 2018 ഫെബ്രുവരിയിലാണ് കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം പാർക്കിംഗ് സ്ഥലത്ത് ഇല്ലാത്ത മുറിയ്ക്കായി വാടക നിശ്ചയിച്ചത്. റവന്യൂ ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് പോലും കൊടുക്കാതെ ലേലത്തിന് വെച്ചു. ലേലം കിട്ടിയ കട നടത്തിപ്പുകാരന്‍ ഷിംജു ചന്ദ്രന് പാര്‍ക്കിംഗ് സ്ഥലം രണ്ട് ഷട്ടറുകള്‍ നിർമ്മിച്ച് കടമുറിയാക്കി.
എന്നാൽ കസവുമാളിക എന്ന കടയുടെ മറവില്‍ നടന്ന അനധികൃത നിര്‍മാണം പൊളിച്ച് നീക്കണമെന്ന് അന്നത്തെ കോർപ്പറേഷൻ സെക്രട്ടറി ഫയലിലെഴുതി. കെട്ടിട നിർമ്മാണത്തിന് കൂട്ടുനിന്ന കുറ്റക്കാരായ എഞ്ചിനീയറിംഗ് റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍, ഫയല്‍ മൂന്ന് മാസത്തിലേറെ വൈകിപ്പിച്ച് സ്ഥാപന ഉടമക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ അവസരം നല്‍കുകയായിരുന്നു. പരാതിക്കാരനെ കേള്‍ക്കണമെന്ന് മാത്രമുള്ള ഹൈക്കോടതി നിർദ്ദേശത്തിന്‍റെ മറവില്‍ എല്ലാ ചട്ടലംഘനങ്ങളും മറികടന്ന് കെട്ടിട നമ്പര്‍ നല്‍കി.

2019 ഡിസംബര്‍ മാസം 31 ന് എടുത്ത തീരുമാനത്തെ ന്യായീകരിക്കുകയാണ് അന്നത്തെ മേയറും സിപിഎം നേതാവുമായ കെ ശ്രീകുമാര്‍. ഉദ്യോഗസ്ഥരെ പഴിക്കുന്ന മുൻ മേയർ അനധികൃത കടമുറി പൊളിച്ചുനീക്കണമെന്നും കെട്ടിട നമ്പര്‍ കൊടുക്കരുതെന്നും നേരത്തെ ഉദ്യോഗസ്ഥർ ഫയലിൽ എഴുതിയതിനെ കുറിച്ച് ഒന്നും പറയുന്നുമില്ല. കോർപ്പറേഷൻറെ ലേലത്തിൽ പങ്കെടുത്താണ് സ്ഥാപനം തുടങ്ങിയതെന്നും കൂടുതൽ കാര്യങ്ങൾ പറയാനില്ലെന്നുമായിരുന്നു കസവുമാളിക നടത്തിപ്പുകാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ സംവിധാനവും കൈ കോര്‍ത്താല്‍ ഇല്ലാത്ത കെട്ടിടം പോലും ലേലത്തിന് വെച്ച് പിന്നീട് കെട്ടിട നമ്പര്‍ വാങ്ങി സുഖമായി കച്ചവടം നടത്താം എന്നതിന്‍റെ തെളിവാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്ന് കാണുന്നത്.
