തിരുവല്ല കുറ്റൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ അക്കമിട്ടു നിരത്തുന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്ത്; തള്ളി ഭരണസമിതി
പാർട്ടി ഏരിയ സെക്രട്ടറിയുടെ ഭാര്യക്ക് വ്യാജ മേൽവിലാസത്തിൽ 20 ലക്ഷം രൂപ വായ്പ അനുവദിച്ചെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ആക്ഷേപങ്ങൾ ഭരണസമിതി തള്ളി.

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന തിരുവല്ല കുറ്റൂർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾ അക്കമിട്ടു നിരത്തുന്ന സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. ബാങ്കിന്‍റെ പ്രവർത്തനപരിധി ലംഘിച്ച് വായ്പ നൽകിയത് മുതൽ പുതിയ ബഹുനില കെട്ടിടം നിർമിച്ചതിലെ വഴിവിട്ട നീക്കങ്ങൾ വരെ വിശദമാക്കുന്ന രേഖയാണ് പുറത്തുവന്നത്. പാർട്ടി ഏരിയ സെക്രട്ടറിയുടെ ഭാര്യക്ക് വ്യാജ മേൽവിലാസത്തിൽ 20 ലക്ഷം രൂപ വായ്പ അനുവദിച്ചെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ആക്ഷേപങ്ങൾ ഭരണസമിതി തള്ളി.
എം.സി. റോഡരികിൽ ബാങ്കിന് പുതിയ കെട്ടിടം നിർമിച്ചതിൽ മുതൽ ചട്ടവിരുദ്ധ നീക്കങ്ങൾ നടന്നുവെന്നാണ് ഓഡിറ്റിൽ പറയുന്നത്. ടെൻഡർ മുതൽ കെട്ടിട നിർമ്മാണത്തിൽ വരെ വീഴ്ചവന്നു. ലക്ഷങ്ങൾ മുടക്കി കെട്ടിടം നിർമിച്ചതോടെ നിക്ഷേപകർക്ക് പണം തിരികെ നൽകാനാകാത്ത സ്ഥിതിയിലായി. വായ്പ നൽകാൻ സഹകരണ ബാങ്കിന് പ്രവർത്തന പരിധിയുണ്ട്. അത് വ്യാപകമായി ലംഘിച്ച് ലോണുകൾ നൽകി. തിരുവല്ല ഏരിയ സെക്രട്ടറിയുടെ ഭാര്യയുടെ പേരിൽ 20 ലക്ഷം രൂപ വായ്പ അനുവദിച്ചതിൽ അടിമുടി ചട്ടലംഘനമെന്നാണ് കണ്ടെത്തൽ. ബാങ്കിൽ നൽകിയ മേൽവിലാസം വ്യാജമാണ്. മാത്രമല്ല, ഈട് നൽകിയ സ്ഥലത്തിന്‍റെ മൂല്യനിർണ്ണയം നടത്തിയതിന് രേഖകളില്ല. അംഗത്വം നൽകിയ അതേദിവസം തിടുക്കപ്പെട്ട് വായ്പ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ അടിയന്തരമായി ചികിത്സ ആവശ്യത്തിനാണ് 20 ലക്ഷം രൂപ വായ്പ എടുത്തതെന്നും കാലാവധിക്ക് മുൻപ് തന്നെ തിരിച്ചടച്ചെന്നും തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി. ആന്‍റണി പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളിൽ സഹകരണവകുപ്പിന് കൃത്യമായ മറുപടി നൽകിയെന്നും ബാങ്കിനെ തകർക്കാനുള്ള ശ്രമം ആണ് ഇപ്പോൾ നടക്കുന്നതെന്നും നിലവിലെ പ്രസിഡന്‍റ് അനീഷ് വി. എസ്, പറഞ്ഞു. അതേസമയം, തിരുവല്ല സിപിഎമ്മിലെ രൂക്ഷമായ വിഭാഗീയതയാണ് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവരാൻ കാരണം.
https://www.youtube.com/watch?v=xjcFH8nY9TA
https://www.youtube.com/watch?v=Ko18SgceYX8