ഒരു കണ്‍സ്‍ട്രക്ഷന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കരിപ്പൂർ സ്വദേശിയുടെ ബൈക്കാണ് രാത്രി വീടിന് മുന്നില്‍ നിന്ന് മോഷ്ടിച്ചത്.

തിരുവനന്തപുരം: വീടിനു മുന്നിൽ രാത്രി സൂക്ഷിച്ചിരുന്ന ബൈക്ക് കവർന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ. വിതുര മേമല കമല നിവാസിൽ ശശിധരൻ മകൻ അനൂപ് (20), വിതുര മുളക്കോട്ടുക്കര അജ്‍മൽ മൻസിലിൽ അജീറിന്റെ മകൻ മുഹമ്മദ് ആഷിക്ക് (19) എന്നിവരെയാണ് വലിയമല സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ശ്രീധന്യ കൺസ്ട്രക്‌ഷൻസില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന കരിപ്പൂർ കുടവൂർ ദേവി ക്ഷേത്രത്തിന് സമീപം ശ്രീകൃഷ്ണ വിലാസത്തിൽ ബി.മുകേഷിന്റെ ഉടമസ്ഥതയിലുള്ള ഹീറോ സ്പ്ലെണ്ടർ ബൈക്ക് ആണ് കഴിഞ്ഞ 25ന് രാത്രി ഇരുവരും ചേര്‍ന്ന് കവർന്നത്. മോഷ്ടിച്ച ബൈക്ക് തമ്പാനൂർ ഓവർബ്രിഡ്ജിനു അടിയിൽ രാത്രി തന്നെ കൊണ്ടു ചെന്ന് വെച്ച ശേഷം രാവിലെ ഇവർ തിരികെ പോരുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബൈക്ക് പൊളിച്ച് വിൽക്കാൻ ആയിരുന്നു പദ്ധതി. എന്നാല്‍ തിരികെ എത്തി ബൈക്ക് എടുക്കുന്നതിന് മുമ്പ് പൊലീസ് പിടികൂടുകയായിരുന്നു.

Read also: കരിവണ്ണൂർ തട്ടിപ്പ് കേസ്: അന്വേഷണം ഉന്നതരിലേക്ക്, കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

അതേസമയം തൃശ്ശൂരില്‍ ബൈക്ക് മോഷ്ടിച്ച് കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച പ്രതികള്‍ പിടിയില്‍. വടക്കാഞ്ചേരി കല്ലമ്പാറ സ്വദേശി അനുരാഗ് (23), കൊല്ലം കരിക്കോട് ചാത്തനാകുളം സ്വദേശി മുഹമ്മദ് സാജുദ്ദീന്‍ (30) എന്നിവരാണ് പിടിയിലായത്. വീടിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് രാത്രിയില്‍ മോഷ്ടിച്ചുകൊണ്ടുപോയ കേസിലാണ് ഇവര്‍ പിടിയിലായത്. വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാമ്പൂരിലാണ് സംഭവം.

പാമ്പൂര്‍ സ്വദേശി നിസാറുദ്ദീന്‍ എന്നയാള്‍ വീടിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന യമഹ ബൈക്ക് പ്രതികള്‍ സെപ്തംബര്‍ 11ന് രാത്രിയാണ് മോഷ്ടിച്ചത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച വിയ്യൂര്‍ പൊലീസ് നിരവധി സിസിടിവി കാമറകള്‍ പരിശോധിച്ചു. സമാന രീതിയില്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളെ കുറിച്ച് അന്വേഷണം നടത്തി. ഇതോടെ ഈ കേസില്‍ ഉള്‍പ്പെട്ട പ്രതികളും കൂട്ടാളികളും മലപ്പുറത്തെ ചേളാരിയിലുണ്ടെന്ന് മനസിലാക്കി. അവിടെ ഒരു ലോഡ്ജില്‍ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതികള്‍ പൊലീസ് എത്തിയതറിഞ്ഞ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് അതിസാഹസികമായി അവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. 

തുടര്‍ന്ന് പ്രതികളെ ചോദ്യംചെയ്തതില്‍ നിന്നുമാണ് പിടിച്ചുപറിയും കളവും നടത്തുന്ന അന്തര്‍ സംസ്ഥാന സംഘമാണ് ഇവരെന്ന് മനസിലായത്. തൃശൂര്‍ ജില്ലയില്‍ മാത്രം എട്ട് പിടിച്ചുപറി, മോഷണ കേസുകളും മറ്റ് ജില്ലകളിലായി അഞ്ച് കേസുകളും പ്രതികളുടെ പേരില്‍ നിലവിലുണ്ട്. റോഡിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്നതിനാണ് ഇവര്‍ ബൈക്ക് മോഷ്ടിക്കുന്നത്. പ്രതികളെ വിശദമായി ചോദ്യംചെയ്തതില്‍ നിന്നും പാമ്പൂരില്‍ നിന്നും മോഷ്ടിച്ച വാഹനമുപയോഗിച്ച് ഇവര്‍ പാലക്കാട് യാക്കരയില്‍വച്ച് നടന്നുപോവുകയായിരുന്ന ഒരു സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. മാല പാലക്കാട് ടൗണില്‍ ഒരു ജ്വല്ലറിയില്‍ വിറ്റെന്നും പ്രതികള്‍ സമ്മതിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...