കട്ടപ്പന ഡിവൈഎസ്പിയാണ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട്‌ നൽകിയത്. കൂട്ടം കൂടി നിന്ന ആളുകളെ പിരിച്ചു വിടാൻ നിയമ പരമായി മാത്രമാണ് ബലം പ്രയോഗിച്ചതെന്ന് ഇടുക്കി എസ്പിക്ക് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

ഇടുക്കി: ഇടുക്കി കൂട്ടാറിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കമ്പംമെട്ട് സിഐയെ വെള്ളപൂശി വീണ്ടും റിപ്പോർട്ട്. കട്ടപ്പന ഡിവൈഎസ്പിയാണ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട്‌ നൽകിയത്. കൂട്ടം കൂടി നിന്ന ആളുകളെ പിരിച്ചു വിടാൻ നിയമ പരമായി മാത്രമാണ് ബലം പ്രയോഗിച്ചതെന്ന് ഇടുക്കി എസ്പിക്ക് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

പുതുവത്സര ദിനത്തിൽ കൂട്ടാറിൽ മദ്യപിച്ച് കൂട്ടം കൂടി നിന്ന് വാഹനങ്ങൾക്ക് നേരെ പടക്കം എറിഞ്ഞവരെ പിരിച്ചുവിടുന്നതിനിടയിലാണ് ഓട്ടോ ഡ്രൈവര്‍ മുരളിധരന് മർദനം ഏറ്റതെന്നാണ് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ റിപ്പോർട്ട്‌. കമ്പംമെട്ട് സിഐ നടത്തിയത് നിയമപരമായ ബലപ്രയോഗം മാത്രം. രണ്ട് എസ് ഐമാർ ഉൾപ്പെട്ട സംഘം പല ആവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാതെ വന്നതിനെ തുടർന്നാണ് സി ഐ എത്തിയത്. സി ഐക്കെതിരെ നടപടി ആവശ്യം ഇല്ലെന്നും ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. കമ്പംമെട്ട് സി ഐ ഷമീർഖാനെ സംരക്ഷിച്ച് കേസ് തേച്ച് മായ്ച്ച് കളയാനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് മുരളീധരന്റെ ആരോപണം.

സിഐയുടെ മർദ്ദനത്തിൽ മുരളീധരന്റെ പല്ലുകളിലൊന്ന് നഷ്ടപ്പെട്ടിരുന്നു. ഒരു മാസം മുൻപ് പരാതി നൽകിയിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. മർദ്ദ നത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചു പരാതി നൽകിയിട്ടും കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടിനെതിരെ മുഖ്യമന്ത്രിയെയും കോടതിയും സമീപിക്കാനാണ് മുരളീധരന്റെ നീക്കം.