ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കാഞ്ഞിരപള്ളി ഫയർ സ്റ്റേഷന് സമീപമായിരുന്നു അപകടം.

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ബൈക്കിൽ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. പാലപ്ര വേങ്ങത്താനം മുണ്ടയ്ക്കൽ സുരേന്ദ്രൻ പിള്ളയുടെ മകൻ അഭിലാഷാണ് മരിച്ചത്. 38 വയസായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കാഞ്ഞിരപള്ളി ഫയർ സ്റ്റേഷന് സമീപമായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തു നിന്നു വരികയായിരുന്നു ഇരു വാഹനങ്ങളും. സൈഡിലേക്ക് ബൈക്ക് തിരിഞ്ഞപ്പോള്‍ പെട്ടെന്ന് ഓട്ടോറിക്ഷ ബ്രേക്ക് ചെയ്യുകയും ബൈക്കിന്റെ പിന്നില്‍ ഇടിച്ച് മലക്കം മറിയുകയായിരുന്നു.

അഭിലാഷും ഭാര്യയും സഹോദരിയും കുടുംബത്തിലെ കുട്ടികളുമാണ് ഓട്ടോയിലുണ്ടായിരുന്നത്. പരിക്കേറ്റ അഭിലാഷ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. അപകടത്തിൽ അഭിലാഷിന്റെ സഹോദരിയുടെ മകൾ നിവേദ്യക്കും പരിക്കേറ്റിരുന്നു. 

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ ഇന്നലെ ഏഴ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ കോട്ടയം ജില്ലയിൽ തന്നെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വൈക്കം വലിയകവലയ്ക്കു സമീപമുണ്ടായ ആംബുലൻസ് അപകടത്തിൽ ആശുപത്രി ജീവനക്കാരിയായ യുവതിയും, പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് കയറി രണ്ട് യുവതികളും ഇന്നലെ കൊല്ലപ്പെട്ടിരുന്നു. വാഴൂർ ഇളങ്ങോയി സ്വദേശികളായ രേഷ്മ(30), ഷാരോൺ (18) എന്നിവരാണ് മരിച്ചത്.