Asianet News MalayalamAsianet News Malayalam

'വായ്പ എടുത്തിട്ടില്ല, പക്ഷേ ജപ്തി നോട്ടീസ് കിട്ടി, അതും 50 ലക്ഷം'; കരുവന്നൂരിലെ തട്ടിപ്പ്

മൂന്ന് സെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള ഇരിങ്ങാലക്കുട സ്വദേശി ഓട്ടോ ഡ്രൈവർ രാജുവിന് 50 ലക്ഷം രൂപ ഉടൻ തിരിച്ചു അടക്കണമെന്നാവശ്യപ്പെട്ടാണ് ജപ്തി നോട്ടീസ് ലഭിച്ചത്. 

auto driver who have no connection with  karuvannur bank receives revenue recovery notice
Author
Thiruvananthapuram, First Published Jul 23, 2021, 2:40 PM IST

തൃശൂർ: 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന തൃശൂർ കരുവന്നൂര്‍ സഹകരണ ബാങ്കിൽ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ നിരവധിപ്പേർക്ക് ജപ്തി നോട്ടീസ്. ബാങ്കിൽ വായ്പയ്ക്ക് അപേക്ഷ നൽകാത്തവർക്ക് പോലും ജപ്തി നോട്ടീസ് ലഭിച്ചു. മൂന്ന് സെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള ഇരിങ്ങാലക്കുട സ്വദേശി ഓട്ടോ ഡ്രൈവർ രാജുവിന് 50 ലക്ഷം രൂപ ഉടൻ തിരിച്ചു അടക്കണമെന്നാവശ്യപ്പെട്ടാണ് ജപ്തി നോട്ടീസ് ലഭിച്ചത്. 

ബാങ്കിൽ ഒരു അംഗത്വം ഉണ്ടായിരുന്നു. അത് മാത്രമാണ് രാജുവിനെ ബാങ്കുമായുള്ള ബന്ധം. ഇതുവരെ ബാങ്കുമായി പണമിടപാടുകളൊന്നും നടത്തിയിട്ടില്ല. ജപ്തി നോട്ടീസ് വന്നതോടെ ഇക്കാര്യം ബാങ്കിലെ മാനേജർ ബിജു കരീമിനെ അറിയിച്ചെന്നും സാരമില്ലെന്നായിരുന്നു മറുപടിയെന്നും രാജു പറഞ്ഞു. അഡ്മിനിസ്ട്രേർക്കും രാജു പരാതി നൽകിയിട്ടുണ്ട്. 

അതിനിടെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് പുതിയ കേസ് റജിസ്റ്റര്‍ ചെയ്തു. സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാങ്ക് സെക്രട്ടറി ടിആര്‍ സുനില്‍കുമാറും ബാങ്ക് മാനേജര്‍ ബിജു കരീമും ഉള്‍പ്പെടെ ആറു പേരാണ് പ്രതികള്‍. ബാങ്ക് മാനേജർ ബിജു കരീം സിപിഎമ്മിന്‍റെ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ്. സെക്രട്ടറി ടി ആര്‍ സുനില്‍കുമാറാകട്ടെ കരുവന്നൂര്‍ ലോക്കല്‍കമ്മിറ്റി അംഗവും. ചീഫ് അക്കൗണ്ടന്റ് സി.കെ ജിൽസും പാർട്ടി അംഗമാണ്. 

പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഇവർ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ ഇതുവരെ അച്ചടക്ക നടപടി എടുത്തിട്ടില്ല. കഴിഞ്ഞ 19നു ശേഷം പ്രതികളെ നാട്ടില്‍ കണ്ടിട്ടില്ല. ഒളിവിലാണെന്നാണ് സൂചന. ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ തുക മടക്കികിട്ടാന്‍ ശാഖയ്ക്കു മുന്പില്‍ കാത്തു കെട്ടി നിൽക്കുകയാണ്.  എത്ര വലിയ തുക നിക്ഷേപിച്ചവരായാലും പതിനായിരം രൂപ മാത്രമേ നല്‍കൂ. ബാങ്ക് ശാഖയ്ക്കു മുന്പില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രക്ഷോഭം തുടരുകയാണ്. 

Follow Us:
Download App:
  • android
  • ios